'അംപന്‍' രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 50 ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് കൊവിഡ്

ബംഗാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയശേഷം ഒഡീഷയിലെ എന്‍ഡിആര്‍എഫ് ക്യാംപിലേക്ക് മടങ്ങിയെത്തിയവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Update: 2020-06-09 07:33 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നാശംവിതച്ച അംപന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത 50 ദേശീയ ദുരന്തനിവാരണസേന (എന്‍ഡിആര്‍എഫ്) അഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയശേഷം ഒഡീഷയിലെ എന്‍ഡിആര്‍എഫ് ക്യാംപിലേക്ക് മടങ്ങിയെത്തിയവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയവരെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒഡീഷ കട്ടക്കിലെ എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണിവര്‍. അംപന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച 50 പേര്‍ക്കെങ്കിലും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതായി സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ അധികവും രോഗലക്ഷണങ്ങളില്ലാത്തവരാണ്. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുശേഷം പശ്ചിമബംഗാളില്‍നിന്ന് കട്ടക്കില്‍ മടങ്ങിയെത്തിയ 170 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. പശ്ചിമബംഗാളില്‍ വിന്യസിച്ചവരില്‍ ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പരിശോധന നടത്തിയത്. ജൂണ്‍ മൂന്നിനാണ് രക്ഷാപ്രവര്‍ത്തനത്തിനുശേഷം 173 അംഗസംഘം ബംഗാളില്‍നിന്ന് തിരിച്ചെത്തിയത്. മെയ് 20 നുണ്ടായ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി പശ്ചിമബംഗാളില്‍ എന്‍ഡിആര്‍എഫ് 19 ടീമുകളെയാണ് വിന്യസിച്ചിരുന്നത്. ഓരോ ടീമിലും 45 ഉദ്യോഗസ്ഥര്‍ വീതമാണുണ്ടായിരുന്നത്.  

Tags: