മുംബൈ: 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മുംബൈയില്‍ യൂ ട്യൂബര്‍ പിടിയിലായി. ഒരുകിലോയോളം തൂക്കം വരുന്ന മണാലി ചരസുമായി (ഉയര്‍ന്ന നിലവാരമുള്ള കഞ്ചാവ്) പ്രമുഖ യൂ ട്യൂബര്‍ ഗൗതം ദത്തയെയാണ്(43) മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് സെല്‍ വെള്ളിയാഴ്ച പടിഞ്ഞാറന്‍ അന്ധേരിയില്‍ നിന്നും അറസ്റ്റുചെയ്തത്. ജുഹുവെര്‍സോവ ലിങ്ക് റോഡിലെ താമസക്കാരനായ ദത്ത ഒരു യു ട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.
ചാനലിന്റെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. ദത്തയ്ക്ക് ബോളിവുഡുമായി ബന്ധമുണ്ടെന്നും സിനിമാതാരങ്ങള്‍ക്ക് ചരസ് എത്തിച്ചുകൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും പോലിസ് പറഞ്ഞു. ജൂഹുവെര്‍സോവ ലിങ്ക് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പെട്രോളിങ് ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് എഎന്‍സിയുടെ ബാന്ദ്ര യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ സംശയാസ്പദമായി കണ്ടെത്തിയ ദത്തയെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ദത്ത നാലാവാഡെ പറഞ്ഞു.
ദത്തയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നാണ് മണാലി ചരസ് കണ്ടെടുത്തത്. ഇതിന് 50 ലക്ഷം രൂപ വിലവരും- നാലവാഡെ കൂട്ടിച്ചേര്‍ത്തു. എന്‍ഡിപിഎസ് നിയമത്തിലെ 20 (സി) സെക്ഷന്‍ 8 (സി) പ്രകാരമാണ് യൂ ട്യൂബറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലിസ് വ്യക്തമാക്കി.