കുടിവെള്ളം കിട്ടാതെ അഞ്ച് വയസ്സുകാരി ദാഹിച്ചുവലഞ്ഞ് മരിച്ചു
കാലികളെ മേയ്ക്കാനെത്തിയവരാണ് രണ്ടുപേര്‍ മലമുകളില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.
ജയ്പൂര്‍: രാജസ്ഥാനില്‍ തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് മുത്തശ്ശിക്കൊപ്പം നടന്നുപോയ അഞ്ചുവയസുള്ള കുട്ടി ദാഹിച്ചുവലഞ്ഞു മരിച്ചു. നിര്‍ജലീകരണവും ഹൃദയാഘാതവുമാണ് മരണകാരണം. അഞ്ജലിയെന്ന കുട്ടിയാണ് മരിച്ചത്. ബോധരഹിതയായിക്കിടന്ന കുട്ടിയുടെ മുത്തശ്ശി സുഖി ദേവി (60)യെ പോലിസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ജലോര്‍ ജില്ലയിലെ റാണിവാഡയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സിറോഹി ജില്ലയിലെ വീട്ടില്‍നിന്ന് ഇരുവരും ജലൂര്‍ ജില്ലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് യാത്രയാവുന്നത്.
22 കിലോമീറ്റര്‍ നീളമുള്ള വഴി ഒഴിവാക്കി മരുഭൂമിയിലൂടെയും കുന്നുകളിലൂടെയും 15 കിലോമീറ്റര്‍ കുറുക്കുവഴിയിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്. ഞായറാഴ്ച രാവിലെ റാണിവാഡയിലേക്ക് പുറപ്പെടുമ്പോള്‍ സുഖിയും അഞ്ജലിയും കുടിവെള്ളം കൊണ്ടുപോയില്ലെന്ന് റാണിവാഡ പോലിസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പത്മാ റാം പറഞ്ഞു. കാലികളെ മേയ്ക്കാനെത്തിയവരാണ് രണ്ടുപേര്‍ മലമുകളില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.
റാണിവാഡയിലെ വിജനമായ മരുഭൂമിയിലൂടെ ഇരുവരും കടന്നുപോവുമ്പോള്‍ കുട്ടി പലതവണ മുത്തശ്ശിയോട് കുടിവെള്ളം ആവശ്യപ്പെട്ടിരുന്നു. വെള്ളം കിട്ടണമെങ്കില്‍ ഇവര്‍ക്ക് കിലോമീറ്ററോളം വീണ്ടും നടക്കേണ്ടിയിരുന്നു. വഴിയില്‍വച്ച് കാലിമേയ്ക്കുന്ന ഒരാളോട് കുടിവെള്ളം ചോദിച്ചെങ്കിലും നല്‍കിയില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ ഇരുവരും ബോധരഹിതയായി വീഴുകയായിരുന്നു. രണ്ടുപേര്‍ ബോധരഹിതയായി കിടക്കുന്നതുകണ്ട കാലിമേയ്ക്കാനെത്തിയ മറ്റുചിലര്‍ വിവരം പ്രാദേശിക ഗ്രാമത്തലവനെ അറിയിക്കുകയും പോലിസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കാര്‍ഷികാവശ്യങ്ങള്‍ക്കായി നിര്‍മിച്ച കിണര്‍ ഇവര്‍ വീണുകിടന്ന സ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെയായുണ്ടായിരുന്നുവെന്ന് പോലിസ് പറയുന്നു. ഏറെ ദുര്‍ഘടമായ വഴിയിലൂടെ കനത്ത ചൂടില്‍ ഇരുവരും 5 മണിക്കൂറിനുള്ളില്‍ 7 കിലോമീറ്റര്‍ സഞ്ചരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും കുടിവെള്ളം കൊണ്ടുപോവാതിരുന്നതും 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മരുഭൂമിയിലെ കുറുക്കുവഴി റൂട്ട് തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്നും പോലിസ് പറയുന്നു.
