കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

Update: 2023-11-27 12:05 GMT

ബെംഗളൂരു: കര്‍ണാടകയിലെ തുമകുരു സദാശിവനഗറില്‍ മൂന്നുകുട്ടികളടക്കം ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ലക്കനഹള്ളി സ്വദേശിയായ ഗരീബ് സാബ്(46) ഭാര്യ സുമയ്യ(33) മക്കളായ ഹാസിറ(14) മുഹമ്മദ് സുബ്ഹാന്‍(11) മുഹമ്മദ് മുനീര്‍(9) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ടോടെയാണ് സദാശിവനഗറിലെ വീട്ടില്‍ അഞ്ചംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തിന് മുന്‍പ് ഗരീബ് ചിത്രീകരിച്ച ഒരുവീഡിയോ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തികപ്രശ്നങ്ങളും പണം കടം നല്‍കിയവരുടെ ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് വീഡിയോയില്‍ പറയുന്നത്. തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ ശിക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രിയോടും പോലീസ് ഉദ്യോഗസ്ഥരോടും ഗരീബ് വീഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വീഡിയോയില്‍ ഗരീബ് ആരോപണമുന്നയിച്ച അഞ്ചുപേര്‍ക്കെതിരേയും പോലീസ് കേസെടുത്തു. കലന്ധര്‍, ഇയാളുടെ മകള്‍ സാനിയ, മകന്‍ ഷഹബാസ്, അയല്‍ക്കാരായ ശബാന, മകള്‍ സാനിയ എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ലക്കനഹള്ളി സ്വദേശിയായ ഗരീബ് കബാബ് വില്‍പ്പനക്കാരനാണ്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്ന ഇദ്ദേഹം പലരില്‍നിന്നായി പണം കടംവാങ്ങിയിരുന്നതായാണ് വിവരം. ഇവര്‍ പിന്നീട് ഗരീബിനെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു.




Tags: