അയോധ്യയില്‍ ഉഗ്രസ്‌ഫോടനം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; സ്‌ഫോടനം നടന്ന വീട് തകര്‍ന്നു
ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഉഗ്രസ്‌ഫോടനത്തിന് പിന്നാലെ വീട് തകര്‍ന്നു. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുര കലന്ദര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സര്‍ക്കിള്‍ ഓഫീസര്‍ (സി.ഒ.) ശൈലേന്ദ്ര സിംഗ് വ്യക്തമാക്കി.
വിവരമറിഞ്ഞ് പോലിസ്, അഗ്‌നിശമന സേന, പ്രാദേശിക ഭരണ ഉദ്യോഗസ്ഥര്‍ അടക്കം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എസ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. സ്‌ഫോടനം നടന്ന വീടിന് സമീപത്തെ മറ്റ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാരോട് സ്ഥലത്ത് നിന്ന് ദൂരേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.