ബിഹാറില്‍ ബിജെപി, ജെഡിയു, ആര്‍ജെഡി പാര്‍ട്ടികളില്‍ നിന്ന് 48 നേതാക്കളെ പുറത്താക്കി
ആര്‍ജെഡി 26, ജെഡിയു 16, ബിജെപി ആറു നേതാക്കളേയും പുറത്താക്കി
പട്‌ന: ബിഹാറില്‍ സീറ്റ് വിഭജനത്തിനു പിന്നാലെ വിമതരെ പുറത്താക്കി പാര്‍ട്ടികള്‍. ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെയാണ് നേതാക്കള്‍ക്കെതിരേ നടപടി. ആര്‍ജെഡി 26 നേതാക്കളെയാണ് പുറത്താക്കിയത്. കഹല്‍ഗാം എംഎല്‍എയടക്കം ആറു നേതാക്കളെ ബിജെപി പുറത്താക്കി. ജെഡിയു 16 നേതാക്കളേയും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാരോപിച്ചാണ് നടപടി. ടിക്കറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച നേതാക്കളാണ് മൂന്നു പാര്‍ട്ടികളിലും നടപടി നേരിട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്നതിനിടെയാണ് പ്രധാന പാര്‍ട്ടികളെല്ലാം നേതാക്കളെ പുറത്താക്കിയിട്ടുള്ളത്. നവംബര്‍ 6, 11 തിയതികളിലാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 14നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
നിലവിലെ എംഎല്‍എമാരും മുന്‍ എംഎല്‍എമാരും ജില്ലാ, സംസ്ഥാന നിര്‍ണായക ചുമതലയില്‍ ഉള്ളവരടക്കമാണ് പാര്‍ട്ടികളില്‍ നടപടി നേരിടുന്നത്. പാര്‍ട്ടി നോമിനികള്‍ക്കെതിരായി സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കാനൊരുങ്ങുമ്പോഴാണ് ആര്‍ജെഡി 26 നേതാക്കളെ പുറത്താക്കിയത്. ഇവര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ പ്രചാരണം നടത്തിയെന്നാണ് ആര്‍ജെഡി ആരോപിക്കുന്നത്. ആറു വര്‍ഷത്തേക്കാണ് ബിജെപി നാലു നേതാക്കളെ പുറത്താക്കിയത്. സീറ്റു വിഭജനത്തിനു പിന്നാലെയുണ്ടായ അസ്വാരസ്യങ്ങളാണ് പാര്‍ട്ടികളിലെ നടപടികള്‍ക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2005നു ശേഷം ആദ്യമായാണ് ബിഹാറില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകള്‍ വീതം മല്‍സരിക്കുന്നത്.
മുന്‍ മന്ത്രിയായ ശൈലേഷ് കുമാര്‍, നിലവിലെ എംഎല്‍എയായ ഗോപാല്‍ മണ്ഡല്‍, മുന്‍ എംഎല്‍എയായ ശ്യാം ബഹാദൂ സിംഗ് അടക്കമുള്ളവരാണ് ജെഡിയുവില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖര്‍. പാര്‍ട്ടി സഖ്യത്തിനെതിരായ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. സഖ്യത്തിലെ ആഭ്യന്തര എതിര്‍പ്പുകള്‍ അവസാനിപ്പിക്കാനാണ് വിവിധ പാര്‍ട്ടികള്‍ നേതാക്കളെ പുറത്താക്കിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ വിശദമാക്കുന്നത്. സഖ്യത്തിനുള്ളില്‍ തന്നെയുള്ള എതിര്‍ ശബ്ദങ്ങള്‍ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിലാണ് എന്‍ഡിഎയും ഇന്‍ഡ്യ സഖ്യവും.

