ഗ്രെറ്റയ്‌ക്കെതിരേ കേസെടുത്തിട്ടില്ല: ഡല്‍ഹി പോലിസ്‌

പ്രത്യേക താല്‍പര്യമുള്ള സംഘടനകളാണ് ഇതിനു പിന്നില്‍. ട്വിറ്ററിലെ ടൂള്‍ കിറ്റില്‍ വന്ന സന്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജനുവരി 26-ന് നടന്ന അക്രമങ്ങള്‍ നടന്നത്.

Update: 2021-02-04 16:43 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന് ഡല്‍ഹി പോലിസ്. ട്വിറ്ററില്‍ വന്ന 'ടൂള്‍കിറ്റു'കള്‍ക്ക് അനുസൃതമായാണ് സമരം. ഇതിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഡല്‍ഹി പോലിസ് പറഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബയ്‌ക്കെതിരേ കേസ് എടുത്തെന്ന വാര്‍ത്തയും ഡല്‍ഹി പോലിസ് നിഷേധിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഡല്‍ഹി പോലിസ് സ്‌പെഷല്‍ കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നു എന്നാണ് കമ്മിഷണര്‍ പറഞ്ഞത്.

പ്രത്യേക താല്‍പര്യമുള്ള സംഘടനകളാണ് ഇതിനു പിന്നില്‍. ട്വിറ്ററിലെ ടൂള്‍ കിറ്റില്‍ വന്ന സന്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജനുവരി 26-ന് നടന്ന അക്രമങ്ങള്‍ നടന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂള്‍കിറ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും ഡല്‍ഹി പോലിസ് സ്‌പെഷല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.

ഗ്രെറ്റയ്ക്ക് എതിരെ കേസ് എടുത്തെന്ന വാര്‍ത്ത അദ്ദേഹം നിരാകരിച്ചു. എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നൂറില്‍ അധികം ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. ഇത് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചത് അക്രമം പടരാതിരിക്കാനാണ് എന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.