ഹൈക്കോടതിയുടെ ഇടപെടല്‍; ഡല്‍ഹിയിലെ മൂന്ന് പ്രമുഖ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചു
സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍, ഗുരു തേഗ് ബഹാദൂര്‍ (ജിടിബി) ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാത്രി വൈകി ഓക്‌സിജന്‍ ടാങ്കറുകളെത്തിയത്.
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കൊവിഡ് രോഗികളുടെ ചികില്‍സ പ്രതിസന്ധിയിലായ ഡല്‍ഹിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഫലം കണ്ടു. ഡല്‍ഹി ആശുപത്രികളിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതെത്തുടര്‍ന്ന് ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട ഓക്‌സിജന്‍ വിഹിതം മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടരുതെന്ന് വിതരണക്കാരോട് ഡല്‍ഹി ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍, ഗുരു തേഗ് ബഹാദൂര്‍ (ജിടിബി) ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാത്രി വൈകി ഓക്‌സിജന്‍ ടാങ്കറുകളെത്തിയത്.
ഡല്‍ഹിയിലെ ഏറ്റവും വലിയ കൊവിഡ് ചികില്‍സാകേന്ദ്രമായ ലോക് നായക് ജയപ്രകാശ് നാരായണ ആശുപത്രിയില്‍ ഇന്നലെ രാത്രി 10 ടണ്‍ ഓക്‌സിജനും ലഭിച്ചു. ലഭിച്ച ഓക്‌സിജന്‍ നിലവിലെ ചികില്‍സയ്ക്ക് മതിയാവുമെന്ന് ആശുപത്രി ഭരണകൂടം അറിയിച്ചു. ഗംഗാ റാം ആശുപത്രിയില്‍ 14,000 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ അര്‍ധരാത്രിയിലും പുലര്‍ച്ചെയും രണ്ട് ലോഡുകളായാണ് എത്തിയത്. ഒന്നോ രണ്ടോ ദിവസത്തേക്ക് ഇത് പര്യാപ്തമാണെന്ന് ചെയര്‍മാന്‍ ഡി എസ് റാണ എന്‍ഡിടിവിയോട് പറഞ്ഞു. ഒരു ടാങ്കര്‍ പതിവ് വിതരണക്കാരായ ഐനോക്‌സില്‍നിന്നും മറ്റൊന്ന് ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമെത്തിയ ഒരു സ്വകാര്യകമ്പനിയില്‍നിന്നുമാണെത്തിയത്.
സര്‍ക്കാര്‍ നടത്തുന്ന ജിടിബി ആശുപത്രിയിലും ഇന്നലെ രാത്രിയോടെ ഓക്‌സിജന്‍ ലഭിച്ചു. പുലര്‍ച്ചെ രണ്ടുമണിക്ക് പ്രതീക്ഷിച്ചിരുന്ന ഓക്‌സിജന്‍ ടാങ്കര്‍ ലോഡ് ആറുമണിക്കൂര്‍ വൈകി രാവിലെ എട്ടുമണിക്ക് മാത്രമാണ് ഇനോക്‌സില്‍നിന്ന് എത്തിയതെന്ന് കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ചിലെ മാക്‌സ് ഹോസ്പിറ്റലിലെ അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്കുതന്നെ ലഭിച്ച ഓക്‌സിജന്‍ തീരും. ആശുപത്രിയിലെ 300 രോഗികളില്‍ 200 പേര്‍ ഓക്‌സിജന്‍ ആവശ്യമുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്‌സിജന്‍ വിഹിതം മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടരുതെന്ന് വിതരണക്കാരോട് ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ചയാണ് നിര്‍ദേശം നല്‍കിയത്.
എന്നാല്‍, ഇതിനുശേഷവും സ്ഥിതിഗതികള്‍ സാധാരണനിലയിലെത്തിയിട്ടില്ല. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രധാന വിതരണക്കാരായ ഇനോക്‌സ് ഉത്തര്‍പ്രദേശിലേക്ക് ക്വാട്ട മാറ്റുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് വരുന്ന പ്ലാന്റുകളില്‍നിന്ന് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് തടയുകയാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. അതേസമയം, ഓക്‌സിജന്‍ ക്ഷാമം, കിടക്കകളുടെ കുറവ് തുടങ്ങി ഡല്‍ഹി സര്‍ക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായമുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

