സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു
വിശ്വജിത് ഖഗേന്ദ്ര ദേവ്നാഥ് (32), ഗോവിന്ദ് സംഗ്രാം കൊറീഷിയ (34), സന്തോഷ് പ്രഭാകര്‍ കര്ശേഖര് (45) എന്നിവരാണ് മരിച്ചത്.
മുംബൈ: മഹാരാഷ്ട്രയിലെ ഗോവണ്ടിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. വിശ്വജിത് ഖഗേന്ദ്ര ദേവ്നാഥ് (32), ഗോവിന്ദ് സംഗ്രാം കൊറീഷിയ (34), സന്തോഷ് പ്രഭാകര്‍ കര്ശേഖര് (45) എന്നിവരാണ് മരിച്ചത്.
ടാങ്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ മൂവര്‍ക്കും ശ്വാസതടസ്സം നേരിടുകയും ബോധരഹിതരാവുകയുമായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. റാത്തോഡ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു.