കൊവിഡ്: ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാന്‍ നുണ; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ശാസ്ത്രിപാര്‍ക്ക് പോലിസ് സ്റ്റേഷനിലെ എസ്‌ഐയ്ക്ക് കഴിഞ്ഞ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ച മൂവരും എസ്‌ഐയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നെന്നും അതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പോവാന്‍ അനുവദിക്കണമെന്നും മേലധികാരികള്‍ക്ക് കത്തയച്ചു.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവായിക്കിട്ടാന്‍ മേലധികാരിയോട് കളവ് പറഞ്ഞ് അവധിക്ക് അപേക്ഷിച്ച മൂന്ന് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മെട്രോ യൂനിറ്റിലെ പോലിസ് കോണ്‍സ്റ്റബിള്‍മാരാണ് കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടെന്നും അതിനാല്‍ ഹോം ക്വാറന്റൈനില്‍ അയക്കണമെന്നും മേലധികാരിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ശാസ്ത്രിപാര്‍ക്ക് പോലിസ് സ്റ്റേഷനിലെ എസ്‌ഐയ്ക്ക് കഴിഞ്ഞ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ച മൂവരും എസ്‌ഐയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നെന്നും അതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പോവാന്‍ അനുവദിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമിലെ മേലധികാരികള്‍ക്ക് കത്തയച്ചു.
മെഡിക്കല്‍ ലീവ് വേണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍, കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ ശാസ്ത്രി പാര്‍ക്കിലെ പോലിസ് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോള്‍ പോലിസുകാര്‍ കള്ളം പറയുകയാണെന്നും അവര്‍ തിരക്കഥ മെനഞ്ഞതാണെന്നും കണ്ടെത്തി. ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫീല്‍ഡില്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടാല്‍ വൈറസ് ബാധിക്കുമോയെന്ന ഭയത്താലാണ് കളവ് പറഞ്ഞ് അവധിക്ക് അപേക്ഷിച്ചതെന്ന് പോലിസുകാര്‍ സമ്മതിച്ചതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (റെയില്‍വേ) ഹരേന്ദ്രകുമാര്‍ സിങ്ങും വ്യക്തമാക്കി.
അച്ചടക്കനടപടിയെന്ന നിലയില്‍ മൂവരെയും ചുമതലകളില്‍നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഇവരുടെ സസ്പെന്‍ഷന്‍ ഇനിയും റദ്ദാക്കിയിട്ടില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു. മെട്രോ യൂനിറ്റില്‍ കൊവിഡ് ബാധിച്ച 57 വയസുകാരനായ എസ്‌ഐയ്ക്ക് ഏപ്രില്‍ 21 നാണ് പനിയുണ്ടായത്. ഇതെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. 23ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിച്ച് കൊവിഡ് പരിശോധന നടത്തി. 28 നാണ് പരിശോധനാഫലം വരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ, ഡല്‍ഹിയില്‍ നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ പോലിസുകാരുടെ എണ്ണം 40 ആയി.

