സായുധരുമായുള്ള ഏറ്റുമുട്ടൽ: കശ്മീരില്‍ ക്യാപ്റ്റനടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

മൂന്ന്‌ സായുധരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു

Update: 2020-11-08 12:00 GMT

ശ്രീനഗര്‍: വടക്കന്‍ ക്ശമീരിലെ കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച സായുധരുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന്‌ സായുധരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച സായുധരെ ഇന്ത്യന്‍ പട്രോളിങ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപോര്‍ട്ടുകള്‍.