27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; മുന്നില്‍ മിസൈലുമായി ഇറാന്‍, സഹായം അഭ്യര്‍ത്ഥിച്ച് കപ്പലുടമകള്‍

Update: 2026-03-03 06:56 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ 27 ഇന്ത്യന്‍ കപ്പലുകള്‍ കടലില്‍ കുടുങ്ങി.. ഏകദേശം 10,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളുമായി പോയ കപ്പലുകളാണിത്. ഹോര്‍മുസ് കടലിടുക്കിലേക്ക് കടന്നാല്‍ തീയിടുമെന്നാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതിനാല്‍ തന്നെ മുന്നോട്ട് പോകാനാവാതെ നടുക്കടലില്‍ കിടക്കുകയാണ് കപ്പലുകള്‍. അടയന്തിര സാഹചര്യം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കപ്പലുടമകളുടെ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍എസ്എ), കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയത്തിന് കത്തയച്ചു.

ഇന്ത്യന്‍ കപ്പലുകള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കപ്പലുകളും ഈ ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് മറികടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇതുവരെ കടലിടുക്ക് മുറിച്ചുകടന്ന ആറ് കപ്പലുകള്‍ ഇറാന്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) 85 ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത്. നിലവിലെ പ്രതിസന്ധി ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിയെ ദോഷകരമായി ബാധിക്കും.

ഒരു ഇന്ത്യന്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെങ്കിലും തലനാരിഴയ്ക്കാണ് കപ്പല്‍ രക്ഷപ്പെട്ടതെന്ന് ഐഎന്‍എസ്എ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍, ഇസ്രായേല്‍ അധികൃതരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്ന് കപ്പലുടമകള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും കടന്നുപോകുന്ന പാതയാണിത്. അതിനാല്‍ അന്താരാഷ്ട്ര തലത്തിലും ഈ പ്രതിസന്ധി വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.





Tags: