നിശാ ക്ലബ്ബിലെ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങള്‍ തായ്‌ലന്റില്‍ അറസ്റ്റില്‍

Update: 2025-12-11 10:40 GMT

ഗോവ: ഗോവയിലെ നിശാ ക്ലബ്ബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍ തായ്‌ലന്റില്‍ പിടിയില്‍. തീ പിടിച്ച ഉടന്‍ ഗോവയില്‍ നിന്നും തായ്‌ലന്റിലേക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപെടുവിച്ചിരുന്നു. തായ്‌ലന്റ് പോലിസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.

ഡിസംബര്‍ 6 അര്‍ദ്ധരാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അര്‍പോറ ഗ്രാമത്തിലെ നിശാക്ലബ്ബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് സൗരഭ് ലുത്ര എന്നിവര്‍ തായ്‌ലന്റിലേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ ടിക്കറ്റെടുത്ത് തായ്‌ലന്റിലെ ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.

തുടര്‍ന്ന് ഗോവ പോലിസ് സിബിഐയുടെ സഹായത്തോടെ ഇന്റര്‍പോളിനെ വിവരം അറിയിച്ച് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്‌ലന്റ് പോലിസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്ത്യയ്ക്കും തായ്ലന്‍ഡിനും ഇടയില്‍ 2015 മുതല്‍ പ്രാബല്യത്തിലുള്ള കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായി ഇരുവരെയും ഇന്ത്യയിലേക്കയക്കും. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പോലിസ് നല്‍കുന്ന വിവരം. നിശാക്ലബ്ബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.