ജയില്‍ ഭിത്തി ഇടിഞ്ഞുവീണു; 22 തടവുകാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Update: 2021-07-31 06:40 GMT

ഭോപാല്‍: മധ്യപ്രദേശില്‍ ജയിലിന്റെ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാര്‍ക്ക് പരിക്കേറ്റു. ഭിന്ദ് ജില്ലാ ജയിലില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.10ഓടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ വിദഗ്ധചികില്‍സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജയിലിലെ ആറാം നമ്പര്‍ ബാരക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണതെന്ന് പോലിസ് സൂപ്രണ്ട് മനോജ് കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. 22 തടവുകാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ വിദഗ്ധചികില്‍സയ്ക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി.

മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടം നടക്കുന്ന സമയത്ത് ജയിലില്‍ 255 തടവുകാരാണുണ്ടായിരുന്നത്. വിവരം ലഭിച്ചതിന് പിന്നാലെ പോലിസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയെന്നും മനോജ് കുമാര്‍ പറഞ്ഞു. ഏറെക്കാലത്തെ പഴക്കമുള്ളതാണ് ജയില്‍ കെട്ടിടം. കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്തമഴയാവാം ഭിത്തി തകര്‍ന്നുവീഴാന്‍ കാരണം. ജയിലിന് ഏകദേശം 150 വര്‍ഷം പഴക്കമുണ്ടെന്നും ഭിത്തി ഇടിഞ്ഞുവീണതിന് പിന്നാലെ ആറാം നമ്പര്‍ ബാരക്ക് പൂര്‍ണമായി തകര്‍ന്നുവെന്നും പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Tags: