കൊല്‍ക്കത്തയില്‍ 20കാരിയെ പിറന്നാള്‍ ദിനത്തില്‍ കൂട്ടബലാല്‍സംഗം ചെയ്ത് സുഹൃത്തുക്കള്‍; പ്രതികള്‍ക്കായി തിരച്ചില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പിറന്നാള്‍ ദിനത്തില്‍ 20 കാരിയെ ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. കൊല്‍ക്കത്ത റീജന്റ് പാര്‍ക്കിലെ ഫ്‌ലാറ്റില്‍ വെളളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കള്‍ തന്നെയാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പിന്നാലെ ഒളിവില്‍പ്പോയ ചന്ദന്‍ മാലിക്, ദീപ് ബിശ്വാസ് എന്നീ യുവാക്കള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഹരിദേവ്പുര്‍ സ്വദേശിനിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുട ജന്മദിനം. ജന്മദിനം ആഘോഷിക്കാന്‍ എന്ന പേരില്‍ പ്രതികളായ ചന്ദനും ദീപും കുട്ടിയെ ചന്ദന്‍ ദീപിന്റെ ഫ്‌ലാറ്റില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് ഭക്ഷണം കഴിച്ചതിനു ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയപ്പോള്‍ പ്രതികള്‍ തന്നെ തടഞ്ഞു നിര്‍ത്തുകയും വാതില്‍ പൂട്ടി കൂട്ടബലാല്‍സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടി പറയുന്നത്. പിറ്റേന്ന്, ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ഇവരുടെ കയ്യില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തുന്നത്.
തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു. കുടുംബം പോലിസിലെത്തി പരാതി നല്‍കുകയും ശനിയാഴ്ച തന്നെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പോലിസ് അറിയിക്കുന്നത്.