കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് രണ്ട് പോലിസുകാര്‍ മരിച്ചു

മരിച്ച പോലിസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സഹായകമായി ഒരുലക്ഷം രൂപ വീതം നല്‍കി. പ്രത്യേക സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ വീതവും അവര്‍ക്ക് ലഭിക്കും. 200 ഓളം പോലിസുകാരായിരുന്നു കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ടായിരുന്നത്.

Update: 2020-06-14 01:05 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ കൊവിഡ് ബാധിച്ചു മരിച്ചു. സിയാല്‍ദ ട്രാഫിക് ഗാര്‍ഡിലെ ദിലീപ് സര്‍ദാര്‍, കോണ്‍സ്റ്റബിള്‍ സെബാസ്റ്റ്യന്‍ സാക്‌സ എന്നിവരാണ് മരിച്ചത്. അതേസമയം, ഒരുദിവസം മാത്രം ചികില്‍സയിലുണ്ടായിരുന്ന 40 പോലിസുകാര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതിനകം നൂറോളം പോലിസുകാര്‍ക്കാണ് രോഗം ഭേദമായത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പോലിസുകാര്‍.

കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ അനൂജ് ശര്‍മ മരണപ്പെട്ട പോലിസുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇരുവരും യുദ്ധവീരന്‍മാരായിരുന്നുവെന്നാണ് കൊല്‍ക്കത്ത പോലിസ് വിശേഷിപ്പിച്ചത്. മരിച്ച പോലിസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സഹായകമായി ഒരുലക്ഷം രൂപ വീതം നല്‍കി. പ്രത്യേക സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ വീതവും അവര്‍ക്ക് ലഭിക്കും. 200 ഓളം പോലിസുകാരായിരുന്നു കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ടായിരുന്നത്. കൊല്‍ക്കത്തയില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലിസുകാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

കൊവിഡ് പടരുന്ന പശ്ചാത്തലത്തിലും അംപന്‍ ചുഴലിക്കാറ്റ് നാശംവിതച്ചപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലിസുകാര്‍ക്ക് ആവശ്യമായ സ്വയരക്ഷാസംവിധാനങ്ങളൊരുക്കാത്തതിനെതിരേ സേനയില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ പോലിസ് ട്രെയിനിങ് സ്‌കൂളില്‍ കോണ്‍സ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും താമസസ്ഥലം അണുവിമുക്തമാക്കാന്‍ അധികാരികള്‍ തയ്യാറാവാതിരുന്നതും പ്രതിഷേധത്തിന് കാരണമായി.  

Tags: