ജീവനക്കാര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു; സാപ് ഇന്ത്യയിലെ ഓഫിസുകള്‍ അടച്ചു

വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 28 വരെ ജീവനക്കാര്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കമ്പനി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Update: 2020-02-21 01:09 GMT

ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയിലെ രണ്ടുജീവനക്കാര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. പ്രമുഖ ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സാപ്പി (എസ്എപി)ലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ കമ്പനി ഇന്ത്യയിലെ ഓഫിസുകള്‍ അടച്ചു. ബംഗളൂരു, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളാണ് ഒരാഴ്ചത്തേയ്ക്ക് വിപുലമായ ശുചിത്വവല്‍ക്കരണത്തിനായി അടച്ചത്.

വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 28 വരെ ജീവനക്കാര്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കമ്പനി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. സരജ്പൂര്‍ മറാത്തഹള്ളി ഔട്ടര്‍റിങ് റോഡിലെ ബംഗളൂരു ആര്‍എംഎസ് ഇക്കോവേള്‍ഡിലാണ് കമ്പനിയുടെ ബംഗളൂരു ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വൈറസ് ബാധിതരായ ജീവനക്കാര്‍ മറ്റു ജീവനക്കാരുമായി അടുത്തിടപെട്ടിരിക്കാനുള്ള സാധ്യതയുള്ളിതിനാലാണ് ഓഫിസ് അടിയന്തരമായി അടച്ചുപൂട്ടിയതെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

ഏതെങ്കിലും ജീവനക്കാര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാല്‍ അടിയന്തരമായി ചികില്‍സ തേടണമെന്നും കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ഓഫിസുകളും അടുത്ത രണ്ടുദിവസത്തില്‍ സമ്പൂര്‍ണമായി ശുചീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.  

Tags:    

Similar News