ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

Update: 2020-03-01 19:14 GMT

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹി ജാമിഅ നഗറിലെ ഫ്‌ളാറ്റില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ രണ്ട് വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. 23 വയസ് വീതം പ്രായമുള്ള പുരുഷന്റെയും സ്ത്രീയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും ലഡാക്കില്‍നിന്നുള്ളവരാണെന്ന് പോലിസ് അറിയിച്ചു. യുവാവിന്റെ കൈപ്പടയിലുള്ള ഒരുപേജ് വരുന്ന ആത്മഹത്യാക്കുറിപ്പും യുവതിയുടെ കൈപ്പടയിലുള്ള രണ്ടുപേജ് വരുന്ന ആത്മഹത്യാക്കുറിപ്പും പോലിസ് മുറിയില്‍നിന്നു കണ്ടെടുത്തു. കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. രണ്ടു മൃതദേഹങ്ങളുടെയും കഴുത്തിലാണ് മുറിവുള്ളത്. രണ്ടുകത്തികള്‍ ഫ്‌ളാറ്റില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

നോര്‍ത്ത് കാംപസിലെ വിജയ് നഗറിലാണ് യുവതി താമസിച്ചിരുന്നത്. ശനിയാഴ്ച യുവാവിനെ കാണുന്നതിനുവേണ്ടി ഇവര്‍ ഫ്‌ളാറ്റിലെത്തുകയായിരുന്നെന്നു സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍പി മീണ അറിയിച്ചു. ഫ്‌ളാറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായത്തോടെ ഫ്‌ളാറ്റിന്റെ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മൃതദേഹങ്ങള്‍ എയിംസ് ആശുപത്രിയിലേക്കു മാറ്റി. വിദ്യാര്‍ഥികളുടെ കുടുംബം ഡല്‍ഹിയിലാണ് താമസിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള സംഘം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുമെന്ന് ഡിസിപി അറിയിച്ചു. 

Tags: