റിലയന്‍സ് കല്‍ക്കരി വൈദ്യുത നിലയത്തില്‍ വിഷദ്രാവകം ചോര്‍ന്നു; രണ്ടുമരണം, നാലുപേരെ കാണാതായി

കുളം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് വളരെ അകലെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റ് ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിളകളും സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയിലെ 30 അംഗസംഘമാണ് തിരച്ചില്‍ നടത്തുന്നത്.

Update: 2020-04-11 06:44 GMT

ഭോപാല്‍: മധ്യപ്രദേശില്‍ റിലയന്‍സിന്റെ കല്‍ക്കരി വൈദ്യുത നിലയത്തില്‍നിന്ന് വിഷദ്രാവക ചോര്‍ച്ചയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 680 കിലോമീറ്റര്‍ അകലെ സിംഗ്രോലിയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വൈദ്യുതനിലയത്തില്‍നിന്നുള്ള വിഷലിപ്തമായ വെള്ളം സൂക്ഷിക്കുന്ന കൃത്രിമ കുളം തകര്‍ന്നാണ് അപകടമുണ്ടായത്. കുളത്തിനുസമീപം താമസിക്കുന്ന ഗ്രാമീണരാണ് അപകടത്തില്‍പ്പെട്ടത്. 10 കല്‍ക്കരി വൈദ്യുതനിലയങ്ങളുള്ള സിംഗ്രോലിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്.

വിഷദ്രാവക ചോര്‍ച്ചയെത്തുടര്‍ന്ന് കുളത്തിനു സമീപം താമസിക്കുന്ന ഇവര്‍ ചെളിവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. റിലയന്‍സ് ലൈദ്യുത നിലയത്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.  കുളം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് വളരെ അകലെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റ് ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിളകളും സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയിലെ 30 അംഗസംഘമാണ് തിരച്ചില്‍ നടത്തുന്നത്. കുളത്തിനോട് ചേര്‍ന്നുള്ള വീടുകളില്‍ താമസിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നും ഇത റിലയന്‍സിന്റെ വീഴ്ചയാണെന്നും സിംഗ്രോലി കളക്ടര്‍ കെ വി എസ് ചൗധരി പറഞ്ഞു.

നഷ്ടപരിഹാരം വാങ്ങിക്കടുക്കാനുള്ള എല്ലാ നടപടികളുമെടുക്കും. കാണാതായ ഗ്രാമീണരെ രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ്. വിളകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമവാസികള്‍തന്നെ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്നും വീഡിയോകളില്‍നിന്നും കാര്‍ഷികമേഖലയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്താണ് ചെളിനിറഞ്ഞ കുളം സ്ഥിതിചെയ്യുന്നതെന്ന് വ്യക്തമാണ്. ഗാസിയാബാദിന് ശേഷം രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള രണ്ടാമത്തെ വ്യവസായമേഖലയാണ് സിംഗ്രോലിയെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് പറയുന്നു. ഈ പ്രദേശത്തെ മലീമസമാക്കുന്നതും ഇവിടെ സ്ഥിതിചെയ്യുന്ന കല്‍ക്കരി വൈദ്യുത പ്ലാന്റുകളാണ്.

കഴിഞ്ഞവര്‍ഷം പ്രദേശത്തെ വൈദ്യുത നിലയത്തിനെതിരേ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്ന് മാസം മുമ്പ് റിലയന്‍സ് പവര്‍ പ്ലാന്റില്‍നിന്ന് വിഷദ്രാവകം ചോര്‍ന്നതിനെതിരേ പ്രതിഷേധിച്ചിരുന്നു. കൃത്രിമകുളവുമായി ബന്ധപ്പെട്ട് യാതൊരുവിധ നിയമലംഘനവുമുണ്ടാവില്ലെന്ന് കമ്പനി രേഖാമൂലം ഉറപ്പുനല്‍കി. ജില്ലാ മജിസ്ട്രേറ്റ്, കലക്ടര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, വീണ്ടും ചോര്‍ച്ചയും അപകടവുമുണ്ടായെന്ന് പ്രദേശവാസിയായ സന്ദീപ് എന്നയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  

Tags: