സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് സൈനികര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

തെക്കന്‍ സിയാച്ചിനില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

Update: 2019-11-30 18:56 GMT

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികര്‍ മരിച്ചു. മൂന്നുസൈനികര്‍ക്ക് പരിക്കേറ്റു. തെക്കന്‍ സിയാച്ചിനില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അവലാഞ്ച് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ ഹെലികോപ്റ്ററുകളും പങ്കാളികളായി. രണ്ടാഴ്ചയ്ക്കിടെ സിയാച്ചിനില്‍ ഇത് രണ്ടാം തവണയാണ് മഞ്ഞിടിച്ചിലുണ്ടാവുന്നത്. നവംബര്‍ 18ന് വടക്കന്‍ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനികര്‍ ഉള്‍പ്പടെ ആറുപേര്‍ മരിച്ചിരുന്നു. 1984ല്‍ ഇന്ത്യ- പാക് യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ പ്രദേശത്ത് മഞ്ഞുമലയിടിച്ചില്‍ പതിവാണ്. 

Tags:    

Similar News