പരിശീലനത്തില്‍ വീഴ്ച വരുത്തി 1700 പൈലറ്റുമാര്‍; ഇന്‍ഡിഗോയ്ക്ക് നോട്ടിസ്

Update: 2025-08-12 14:36 GMT

ന്യൂഡല്‍ഹി: സിമുലേറ്റര്‍ പരിശീലനത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്‍ഡിഗോയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി റിപോര്‍ട്ട്. 1700 പൈലറ്റുമാരുടെ സിമുലേറ്റര്‍ പരിശീലനത്തില്‍ വീഴ്ച വരുത്തിയതെന്നും ഇതോടെയാണ് ഡിജിസിഎ നോട്ടിസ് നല്‍കിയതെന്നും പിടിഐ റിപോര്‍ട്ട് ചെയ്തു. ഡിജിസിഎ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചതായി ഇന്‍ഡിഗോ വൃത്തങ്ങളും സ്ഥിരീകരിച്ചു. നോട്ടിസ് പരിശോധിക്കുകയാണെന്നും സമയപരിധിക്കുള്ളില്‍ മറുപടി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ക്യാപ്റ്റന്‍മാരും ഫസ്റ്റ് ഓഫിസര്‍മാരും ഉള്‍പ്പെടെയുള്ള 1,700 പൈലറ്റുമാര്‍ക്ക് ഇന്‍ഡിഗോ കാറ്റഗറി സി അഥവാ നിര്‍ണായക എയര്‍ഫീല്‍ഡ് പരിശീലനം നടത്തിയത്. എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള വിമാനത്താവളങ്ങള്‍ക്ക് ഈ സിമുലേറ്റര്‍ പരിശീലനം അനുയോജ്യമല്ലെന്നാണ് ഡിജിസിഎ നോട്ടിസില്‍ പറയുന്നത്. കോഴിക്കോട്, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താവളങ്ങളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിക്കോട് വിമാനത്താവളം പോലുള്ള ടേബിള്‍ടോപ്പ് റണ്‍വേയുള്ള വിമാനത്താവളങ്ങളിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും സാഹചര്യങ്ങളും കാരണം അധിക പരിശീലനം പൈലറ്റുമാര്‍ക്ക് ആവശ്യമാണെന്നും ഡിജിസിഎ നോട്ടിസില്‍ പറയുന്നുണ്ട്.