ഭുവനേശ്വര്‍: അച്ഛനും അമ്മയ്ക്കും തന്നെക്കാള്‍ സ്‌നേഹം അനുജനോടാണെന്ന തോന്നലില്‍ അനുജനെ കൊലപ്പെടുത്തി 16കാരന്‍. ഇളയ മകനെ കാണാനില്ലെന്ന പരാതിയില്‍ പോലിസും ബന്ധുക്കളും നാട് മുഴുവന്‍ തിരയുമ്പോഴും ആര്‍ക്കും സംശയം തോന്നാതെ നിന്ന കൗമാരക്കാരന്‍ പിടിയിലായത് അമ്മയുടെ സംശയത്തിന് പിന്നാലെ. ഒഡിഷയിലെ ബാലന്‍ഗീറിലെ തിതിലാഗഡിലാണ് സംഭവം. മാതാപിതാക്കള്‍ക്ക് തന്നെക്കാള്‍ സ്‌നേഹം അനിയനോടാണെന്നും തന്നെ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള തോന്നലിലാണ് കൊലപാതകം നടത്തിയതെന്ന് 16കാരന്‍ പോലിസിനോട് തുറന്നുപറഞ്ഞു.
ഏകദേശം ഒന്നര മാസത്തോളം കേസിനെക്കുറിച്ച് ഒരു വിവരവും പോലിസിന് ലഭിച്ചിരുന്നില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജൂണ്‍ 29-നാണ് കുട്ടിയെ കാണാനില്ലെന്ന് ടൈറ്റ്ലഗഡ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു ഫലമുണ്ടായില്ല.
എന്നാല്‍, ചോദ്യം ചെയ്യലില്‍ പ്രതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഒരു സൂചനയാണ് കേസില്‍ നിര്‍ണായകമായത്. ജൂണ്‍ 28-ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മൂത്തമകന്‍ തറ കഴുകുന്നത് കണ്ടിരുന്നുവെന്ന് അമ്മ പോലിസിനോട് പറഞ്ഞു. ഇത് പതിവില്ലാത്ത പ്രവര്‍ത്തിയാണെന്ന് കൂടി അമ്മ ഓര്‍ത്തെടുത്തപ്പോള്‍ തെളിഞ്ഞത് ഇളയമകന്റെ കൊലപാതവും മൂത്ത മകന്റെ ക്രൂരതയുമായിരുന്നു. അമ്മയുടെ ഈ വെളിപ്പെടുത്തലില്‍ പോലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അനുജനെ കുത്തികൊലപ്പെടുത്തിയപ്പോള്‍ നിലത്ത് വീണ രക്തം തുടച്ചുവൃത്തിയാക്കാനാണ് അന്നേദിവസം 16കാരന്‍ ശ്രമിച്ചത്. ഇതാണ് അപ്രതീക്ഷിതമായി അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊലപാതകം നടത്തിയശേഷം മണ്‍വെട്ടി ഉപയോഗിച്ച് വീടിനുള്ളില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് വീട്ടുകാര്‍ കണ്ടെത്തുമോ എന്ന് ഭയന്ന് അതേദിവസം രാത്രി തന്നെ വീടിനടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മൃതദേഹം മാറ്റി.
