ധര്‍മസ്ഥലയില്‍ 15 കാരിയെ രഹസ്യമായി സംസ്‌കരിച്ചത് കണ്ടു; ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുടെ വെളിപ്പെടുത്തല്‍
ധര്‍മസ്ഥല: ധര്‍മസ്ഥലയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ട ശവസംസ്‌കാരങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുമ്പോള്‍ പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും ഇച്ചലംപാടി സ്വദേശിയായുമായ ടി.ജയന്ത്. പതിനഞ്ച് വര്‍ഷം മുന്‍പ് ദൂരൂഹമായൊരു ശവസംസ്‌കാരത്തിന് താന്‍ സാക്ഷിയായെന്ന് ജയന്ത് മാധ്യമങ്ങളോട് പറഞ്ഞു.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതാണ്ട് 15 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാതിയോളം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മൃതദേഹ പരിശോധന നടത്താന്‍ അരും മെനക്കെട്ടില്ല. ഞാന്‍ അതേക്കുറിച്ച് ഒരു പരാതി നല്‍കിയപ്പോള്‍ ധൃതിപിടിച്ച് സംസ്‌കാരിച്ചു. ഞാന്‍ അത് എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടു. എന്റെ പരാതിയില്‍ കേസെടുത്തില്ല-ടി ജയന്ത് പറഞ്ഞു. ധര്‍മസ്ഥലയില്‍ ഒരുപാട് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രദേശവാസികള്‍ക്ക് അതെക്കുറിച്ച് അറിയാമെന്നും ജയന്ത് പറഞ്ഞു.
ഭയംകൊണ്ടാണ് ആരും പരാതി നല്‍കാത്തത്. എന്നാല്‍ എസ്ഐടിയുടെ ഇടപെടല്‍ പ്രത്യാശ നല്‍കുന്നു. വര്‍ഷങ്ങളായി ഗ്രാമത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, വര്‍ഷങ്ങളായി ഇത് മറച്ചുവെക്കപ്പെട്ടിട്ടണ്ട്. വ്യക്തിപരമായി താനൊരു പരാതി നല്‍കിയിട്ടുണ്ട്. തന്റെ അനന്തിരവള്‍ പത്മലതയുടെ തിരോധാനവുമായി ബന്ധപ്പെട്ട്. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പരാതി നല്‍കാന്‍ തയ്യാറാണ്. അഞ്ച് മുതല്‍ ആറ് വരെ ആളുകള്‍ മുന്നോട്ട് വരാന്‍ തയ്യാറാണ്. ഇതൊരു തുടക്കം മാത്രമാണ്-അദ്ദേഹം പറഞ്ഞു.