അനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവന്റെ കൈ അരിഞ്ഞെടുത്ത് 15കാരിയുടെ പ്രതിരോധം
നടുക്കമുളവാക്കുന്ന ബലാത്സംഗ വാര്‍ത്തകളുടെ ഞെട്ടലിനിടയിലാണ് ആന്ധ്രയില്‍നിന്നും വേറിട്ടൊരു വാര്‍ത്ത
ഹൈദരാബാദ്: അനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവന്റെ കൈ അരിഞ്ഞെടുത്ത് 15കാരിയുടെ പ്രതിരോധം. ചിറ്റൂർ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഹാഥ്റസ് സംഭവമടക്കം നടുക്കമുളവാക്കുന്ന ബലാത്സംഗ വാര്‍ത്തകളുടെ ഞെട്ടലിനിടയിലാണ് ആന്ധ്രയില്‍നിന്നും വേറിട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
നാൽക്കാലികൾക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടർന്ന ശങ്കരപ്പ എന്നയാൾ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയ പെൺകുട്ടി അയാളെ താക്കീത് ചെയ്തു.
എന്നാൽ, ഇത് അവഗണിച്ച് ആക്രമണം തുടരവെ കൈയിലുള്ള അരിവാളുകൊണ്ട് കൈത്തണ്ടക്ക് വെട്ടുകയായിരുന്നു. തുടർന്നാണ് കുട്ടി ഇയാളുടെ പിടിയിൽനിന്ന് മുക്തയായത്. അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് മാതാപിതാക്കൾക്കൊപ്പം ഇരുവരും രാമസുന്ദരം പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. ശങ്കരപ്പയെ അറസ്റ്റ് ചെയ്ത പോലിസ് ഇയാളെ ആശുപത്രിയിലാക്കി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.