ഉമര്‍ അബ്ദുല്ലയുടെ മോചനം; 15 ദിവസംകൂടി കാത്തിരിക്കാന്‍ സഹോദരിയോട് സുപ്രിംകോടതി

സാറാ അബ്ദുല്ല പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. കശ്മീര്‍ ഭരണകൂടത്തിന് മറുപടി നല്‍കാന്‍ ആദ്യം സുപ്രിംകോടതി മൂന്നാഴ്ച സമയം നല്‍കിയെങ്കിലും കപില്‍ സിബലിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 15 ദിവസമായി ചുരുക്കുകയായിരുന്നു.

Update: 2020-02-14 11:33 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരേ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ സുപ്രിംകോടതി ജമ്മു കശ്മീര്‍ ഭരണകൂടത്തിന് നോട്ടീസയച്ചു. ഹരജി മാര്‍ച്ച് രണ്ടിന് വീണ്ടും പരിഗണിക്കും. തടങ്കല്‍ സംബന്ധിച്ച് കശ്മീര്‍ ഭരണകൂടം ഇക്കാലയളവിനുള്ളില്‍ സുപ്രിംകോടതിയില്‍ വിശദീകരണം നല്‍കണം. സഹോദരന്‍ വീട്ടുതടങ്കലിലാണെന്നും വേഗത്തില്‍ കേസ് പരിഗണിക്കണമെന്നും സാറ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായാണ് ഉമര്‍ അബ്ദുല്ലയെ തടവിലാക്കിയിരിക്കുന്നതെന്നും അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കേസ് എത്രയുംവേഗം പരിഗണിക്കണമെന്ന സാറയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇത്രയുംകാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് 15 ദിവസംകൂടി ക്ഷമിച്ചുകൂടാ എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. 15 ദിവസമെന്ന കണക്കില്‍ ഒരു മാറ്റവും വരുത്തില്ലെന്നും അരുണ്‍ മിശ്ര പറഞ്ഞു. സാറാ അബ്ദുല്ല പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. കശ്മീര്‍ ഭരണകൂടത്തിന് മറുപടി നല്‍കാന്‍ ആദ്യം സുപ്രിംകോടതി മൂന്നാഴ്ച സമയം നല്‍കിയെങ്കിലും കപില്‍ സിബലിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 15 ദിവസമായി ചുരുക്കുകയായിരുന്നു.

കേസ് ഫയല്‍ ചെയ്യാന്‍ ഒരുവര്‍ഷത്തോളം കാത്തിരുന്നില്ലേയെന്നും കോടതി കബില്‍ സിബലിനോട് ചോദിച്ചു. എന്നാല്‍, ഉമര്‍ അബ്ദുല്ലയുടെ തടങ്കല്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്ന് സിബല്‍ വാദിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം കഴിഞ്ഞ ആഗസ്ത് അഞ്ച് മുതലാണ് ഉമര്‍ അബ്ദുല്ല അടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കിയത്. കഴിഞ്ഞദിവസം ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡര്‍ കേസ് വാദം കേള്‍ക്കലില്‍നിന്ന് പിന്‍മാറിയിരുന്നു. തുടര്‍ന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഇന്ന് ഹരജിയില്‍ വാദം കേട്ടത്. 

Tags:    

Similar News