14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസ്; ആറുപേര്‍കൂടി അറസ്റ്റില്‍

Update: 2021-09-08 04:09 GMT

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ആറുപേരെക്കൂടി അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 14 ആയി. പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആഗസ്റ്റ് 31ന് രാത്രി പെണ്‍കുട്ടി പൂനെ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ഓട്ടോറിക്ഷാ ഡ്രൈവറും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയത്. സമയം വൈകിയെന്നും വീട്ടിലേക്ക് എത്തിക്കാമെന്നും പറഞ്ഞാണ് ഡ്രൈവര്‍ വാഹനത്തില്‍ കയറ്റിയത്.

തുടര്‍ന്ന് സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍മാരും റെയില്‍വേ ജീവനക്കാരെയും വിളിച്ചുവരുത്തി. വാഹനത്തില്‍ നഗരം ചുറ്റി പല സ്ഥലങ്ങളിലുമെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരിചയക്കാരന്‍ ഉള്‍പ്പെടെയുള്ള ആറുപേരെയാണ് ഇപ്പോള്‍ അറസ്റ്റുചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന് വാന്‍വാഡി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച എട്ടുപേരെ അറസ്റ്റുചെയ്തിരുന്നു.

പൂനെയില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News