അസമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകനാശം; 43 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

കഴിഞ്ഞ 48 മണിക്കൂറായി ശക്തമായ മഴ അസമില്‍ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ചുജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.

Update: 2019-07-09 01:22 GMT

ഗുവാഹത്തി: അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപകനാശം വിതച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറായി ശക്തമായ മഴ അസമില്‍ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ചുജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 13,000 പേരെയാണ് ദുരിതം ബാധിച്ചിരിക്കുന്നത്. 200 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. വെള്ളം കയറിയതിനെത്തുടര്‍ന്ന് ആകെ 955 ഹെക്ടറിലെ കൃഷി നശിച്ചു.

നിരവധി റോഡുകളും അണക്കെട്ടുകളും തകര്‍ന്നിട്ടുണ്ട്. ധെമാജി, ലാഖിംപൂര്‍, ബിശ്വനാഥ്, ഗോല്‍ഘട്ട്, ജോര്‍ഹത് എന്നീ ജില്ലകളെയാണ് മഴക്കെടുതി കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇതില്‍ ജോര്‍ഹത് ജില്ലയില്‍നിന്ന് മാത്രം 6,000 പേര്‍ ദുരിതത്തിലായി. ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദി കരകവിയാറായി. ന്യൂമാരിഗറിലെ ധാന്‍സിരി നദിയിലെയും സോനിത്പൂരിലെ ജിയാ ഭരാലി നദിയിലെയും ജലനിരപ്പും കനത്ത മഴയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 

Tags:    

Similar News