തൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; കൊല്‍ക്കത്തയില്‍ 13കാരി കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: കാളിഗഞ്ച് ഉപതിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 13കാരി മരിച്ചു. വിജയാഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് ആരോപണം. വീടിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയാണ് മരിച്ചത്.
ബോംബേറില്‍ പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തന്റെ പ്രാര്‍ഥനകളും ചിന്തകളും ആ കുട്ടിയുടെ കുടുംബത്തോടൊപ്പമാണ്. കുറ്റവാളികള്‍ക്കെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും മമത പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആലിഫ അഹമ്മദ് അരലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ ആശിഷ് ഘോഷിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎം പിന്തുണയോടെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കബീല്‍ ഉദ്ദിന്‍ ഷെയ്ഖ് മൂന്നാം സ്ഥാനത്താണ്. എംഎല്‍എയായിരുന്ന നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. നസിറുദ്ദീന്റെ മകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആലിഫ അഹമ്മദ്. കാളിഗഞ്ച് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.85 ശതമാനം പേരാണ് വോട്ടു ചെയ്തത്.
