ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം: ഇന്ന് 12ാമത് കമാന്‍ഡര്‍തല ചര്‍ച്ച

Update: 2021-07-31 03:48 GMT

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ന് വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയുടെ (എല്‍എസി) ചൈനീസ് ഭാഗത്തുള്ള മോള്‍ഡ ബോര്‍ഡര്‍ പോയിന്റില്‍ രാവിലെ 10.30നാണ് ചര്‍ച്ച നടക്കുകയെന്ന് സൈനിക സ്ഥാപന വൃത്തങ്ങള്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ഇത് 12ാം വട്ടമാണ് ഇരുരാജ്യങ്ങളും ഉന്നതതല സൈനിക ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.

ഹോട്ട്‌സ്പ്രിങ്, ഗോഗ്ര മേഖലകളില്‍നിന്നുള്ള സൈനിക പിന്‍മാറ്റം ഇന്ന് നടക്കുന്ന ചര്‍ച്ചയിലുണ്ടാവും. മൂന്നര മാസത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം ഏറ്റവും പുതിയ ചര്‍ച്ചകള്‍ നടക്കും. ഏപ്രില്‍ 9 നാണ് 11 ാമത് ചര്‍ച്ചകള്‍ നടന്നത്. നേരത്തെ ഒരുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്തുനിന്നുള്ള പിന്‍മാറ്റത്തില്‍ തീരുമാനമായത്. പിന്‍മാറ്റത്തിനുള്ള ധാരണ മറികടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയ് ആദ്യം മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍ ലഡാക്കിലെ ഒന്നിലധികം സ്ഥലങ്ങളില്‍ സൈനിക തര്‍ക്കത്തിലായിരുന്നു.

Tags:    

Similar News