ഹിമാചലില്‍ 12 വയസ്സുകാരനായ ദലിത് ബാലന്‍ ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്
ഷിംല: ഉന്നത ജാതിയില്‍പ്പെട്ടവരുടെ വീട്ടില്‍ കയറി വീട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് 12 വയസ്സുകരാനയ ദലിത് ബാലനെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ലിംബഡ ഗ്രാമത്തിലാണ് സംഭവം. സെപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ലിംബഡ ഗ്രാമത്തിലെ 12 വയസ്സുള്ള ഒരു ആണ്‍കുട്ടി രജപുത്ര കുടുംബത്തിന്റെ വീടിനുള്ളില്‍ കയറിയിരുന്നു. പിന്നാക്ക വിഭാഗമായ കോലി സമുദായത്തില്‍പ്പെട്ട കുട്ടിയാണ് വീട്ടില്‍ കയറിയത്. എന്നാല്‍ വീട് അശുദ്ധമാക്കിയെന്നാരോപിച്ച് കുട്ടിയെ കുടുംബം കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മൂന്നുദിവസത്തിന് ശേഷം കുട്ടി വിഷം കഴിച്ച് മരിച്ചതായി കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തിന് കാരണം രജപുത്ര കുടുംബമാണെന്നും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖുവിനും ഹിമാചല്‍ ഡിജിപി അശോക് തിവാരിക്കും പരാതി നല്‍കി. ഹിമാചല്‍ പ്രദേശ് പട്ടികജാതി കമ്മീഷന്റെ പ്രതിനിധി സംഘമാണ് കുടുംത്തിന് വേണ്ടി മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. വീട് അശുദ്ധമാക്കിയാല്‍ ഒരു ആടിനെ പകരമായി നല്‍കണമെന്നാണ് രജപുത്ര കുടുംബത്തിന്റെ ആവശ്യം. ആടിനെ തന്നാലെ കുട്ടിയെ വിട്ടുനല്‍കൂയെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കുട്ടിയെ സമ്മര്‍ദ്ധത്തിലാക്കിയിരുന്നു. മര്‍ദ്ദനത്തിന് ശേഷം കുട്ടിയെ ഇവര്‍ മോചിപ്പിച്ചു.
തുടര്‍ന്നാണ് കുട്ടി കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉപയോഗിച്ച് മരിച്ചതെന്നാണ് കുടുംബം പറയുന്നത്. പുഷ്പാദേവിയെന്ന സ്ത്രീയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്‌തെങ്കിലും അവരെ ശിക്ഷിച്ചില്ലെന്നും കേസില്‍ തുടര്‍ അന്വേഷണം നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വീട്ടുടമയായി രജപുത്ര സ്ത്രീയെ അവരുടെ വീടിനടത്തുള്ള കടയില്‍ കാണാത്തതിനെ തുടര്‍ന്നാണ് കുട്ടി വീട്ടില്‍ കയറി ഇവരെ അന്വേഷിച്ചത്. തുടര്‍ന്നാണ് അവരുടെ ക്രൂരമര്‍ദ്ദനം. പശുതൊഴുത്തില്‍ പൂട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. അവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടി ഏറെ ഭയപ്പെട്ടിരുന്നുവെന്നും പിതാവ് പറയുന്നു. കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് കുട്ടി മൂന്ന് ദിവസം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 17നാണ് കുട്ടി മരിച്ചത്. ഷിംലയിലെ പല പ്രദേശങ്ങളില്‍ ഇപ്പോഴും ജാതിയത നിലനില്‍ക്കുന്നുവെന്നും ദലിതര്‍ അശുദ്ധിയാക്കിയാല്‍ നല്‍കുന്ന ശിക്ഷ ഇപ്പോഴും ഈ പ്രദേശങ്ങളില്‍ തുടരുന്നതായും ഒരു പോലിസ് ഉദ്ദ്യോഗസ്ഥന്‍ പറയുന്നു.

