തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-11-30 14:26 GMT

ചെന്നൈ: തമിഴ്നാട് സമീപം നാച്ചിയാര്‍പുരത്ത് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാര്‍പുരം പോളിടെക്നിക് കോളജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

പരിക്കേറ്റവരെ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസും മധുരയിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.

സംഭവത്തില്‍ നാച്ചിയാര്‍പുരം പോലിസ് കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് പോലിസ് സൂപ്രണ്ട് ശിവ പ്രസാദും അപകടസ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.