രാജ്യവ്യാപകമായി എൻആർസി നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല: അമിത് ഷാ

ദേശീയ ജനസംഖ്യ പട്ടികയുമാമായി സഹകരിക്കില്ലെന്ന കേരളത്തിന്റെയും ബംഗാളിന്റെയും തീരുമാനം പുനപ്പരിശോധിക്കണം.

Update: 2019-12-24 16:09 GMT

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നേരത്തെ പറഞ്ഞത് ശരിയാണെന്നും, മന്ത്രിസഭയിലോ പാര്‍ലമെന്റിലോ ഇതുസംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ദേശീയ ജനസംഖ്യ പട്ടികയും ദേശീയ പൗരത്വ പട്ടികയും തമ്മില്‍ ഒരു ബന്ധവുമില്ല. ദേശീയ ജനസംഖ്യ പട്ടികയുമാമായി സഹകരിക്കില്ലെന്ന കേരളത്തിന്റെയും ബംഗാളിന്റെയും തീരുമാനം പുനപ്പരിശോധിക്കണം. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം തീരുമാനങ്ങളെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ പട്ടികയും പൗരത്വ പട്ടികയും തീര്‍ത്തും വ്യത്യസ്തമാണ്. എന്‍പിആറില്‍ പേരില്ലാത്തവര്‍ക്ക് അവരുടെ പൗരത്വം നഷ്ടമാകില്ല. പൗരത്വ പട്ടിക തീര്‍ത്തും വ്യത്യസ്തമാണ്. എന്‍പിആര്‍ കാരണം ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Similar News