പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കശ്മീരിലേക്ക്; സന്ദര്‍ശനത്തില്‍നിന്ന് പിന്‍മാറണമെന്ന് ഭരണകൂടം

നേതാക്കളുടെ സന്ദര്‍ശനം കശ്മീരിലെ ക്രമസമാധാനത്തെയും ജനങ്ങളുടെ സാധാരണജീവിതത്തെയും ബാധിക്കുമെന്നും അതിനാല്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും ഭരണകൂടം അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ധാക്കിയ ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനാണ് കോണ്‍ഗ്രസ് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം.

Update: 2019-08-24 07:52 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കശ്മീര്‍ സന്ദര്‍ശിക്കുന്നതിനായി ശ്രീനഗറിലേക്ക് പുറപ്പെട്ടു. എന്നാല്‍, നേതാക്കള്‍ വരുന്നതില്‍നിന്ന് പിന്‍മാറണമെന്ന് കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടു. നേതാക്കളുടെ സന്ദര്‍ശനം കശ്മീരിലെ ക്രമസമാധാനത്തെയും ജനങ്ങളുടെ സാധാരണജീവിതത്തെയും ബാധിക്കുമെന്നും അതിനാല്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും ഭരണകൂടം അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ധാക്കിയ ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനാണ് കോണ്‍ഗ്രസ് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം.

രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ ഗാന്ധിയെ കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, പിന്നീട് കശ്മീരിലെ നടക്കുന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗവര്‍ണര്‍ ക്ഷണം പിന്‍വലിക്കുകയുണ്ടായി. അതേസമയം, ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഉള്‍പ്പടെ പാര്‍ട്ടി നേതാക്കള്‍ കശ്മീരിലേക്ക് പുറപ്പെടുകയായിരുന്നു. താഴ്‌വരയിലെ പലസ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനമായിരിക്കും രാഷ്ട്രീയ നേതാക്കളുടെ ഈ സന്ദര്‍ശനമെന്ന് കശ്മീര്‍ ഭരണകൂടം സൂചിപ്പിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍ജെഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ രാഹുലിനോടൊപ്പം കശ്മീരിലേക്ക് പുറപ്പെട്ടത്. സന്ദര്‍ശനത്തിനായി പ്രത്യേകം വിമാനം തയ്യാറാക്കാമെന്നും ഗവര്‍ണര്‍ രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍, വിമാനമൊന്നും വേണ്ടെന്ന് വ്യക്തമാക്കിയ രാഹുല്‍ സ്വതന്ത്രമായി കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. നേരത്തെ കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനേയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.

Tags: