തീരാതെ പ്രതികാരം; ആലോക് വര്‍മയ്‌ക്കെതിരേ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. സിവിസി പക്ഷംപിടിക്കുകയാണെന്ന് ആലോക് വര്‍മ ആരോപിച്ചു.
ന്യൂഡല്‍ഹി: സിബിഐയുടെ തലപ്പത്തുനിന്ന് തെറിപ്പിച്ചതിന് പിന്നാലെ ആലോക് വര്‍മയ്‌ക്കെതിരേ സിബിഐ അന്വേഷണത്തിനും ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അതേസമയം, സിവിസി പക്ഷംപിടിക്കുകയാണെന്ന് ആലോക് വര്‍മ ആരോപിച്ചു. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍കണ്ട് ആവശ്യപ്പെട്ടതായും ആലോക് വെളിപ്പെടുത്തി. സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും ഉന്നതാധികാരസമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണെന്നും വ്യക്തമാക്കി സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എ കെ പട്‌നായിക് നേരത്തെ രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ സ്വാഭാവികനീതി നിഷേധിച്ചെന്നും നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണ് സിബിഐയില്‍നിന്ന് പുറത്താക്കിയതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ആലോക് വര്‍മ രാജിവച്ചത്. ആലോക് വര്‍മയെ നീക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ തലപ്പത്തേക്ക് ആലോക് വര്‍മ മടങ്ങിയെത്തിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നംഗ ഉന്നതാധികാര സമിതി ആലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വീണ്ടും നീക്കുകയായിരുന്നു. ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര്‍ റാവു സിബിഐയില്‍ വന്‍ അഴിച്ചുപണിക്കും തുടക്കമിട്ടിരുന്നു.
