ആദായ നികുതി വകുപ്പ് റെയ്ഡ്; ചെന്നൈ ആസ്ഥാനമായ കമ്പനികളില്‍നിന്ന് 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി

Update: 2021-02-28 11:06 GMT

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാനിറ്റിവെയര്‍, ടൈല്‍ നിര്‍മാണക്കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 220 കടിയുടെ കള്ളപ്പണം കണ്ടെത്തി. ഫെബ്രുവരി 26നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) യുടെ നേതൃത്വത്തില്‍ കമ്പനികളില്‍ റെയ്ഡ് നടത്തിയത്. തമിഴ്‌നാട്, ഗുജറാത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മൊത്തം 20 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ 8.30 കോടി രൂപ പിടിച്ചെടുത്തതായി സിബിഡിടി പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ടൈല്‍ ബിസിനസ് രംഗത്തെ പ്രമുഖ സ്ഥാപനമാണിത്. തിരച്ചിലിനിടയില്‍ കണക്കില്‍പ്പെടാത്ത വില്‍പ്പനയും ടൈല്‍ വാങ്ങലും കണ്ടെത്തി. കണക്കില്‍പ്പെടാത്ത ഇടപാടുകളുടെ വിശദാംശങ്ങള്‍ രഹസ്യ ഓഫിസിലും സോഫ്റ്റ്‌വെയറിലെ ക്ലൗഡില്‍ സൂക്ഷിച്ചതായും കണ്ടെത്തി.

50 ശതമാനത്തിന് മുകളിലുള്ള ഇടപാടുകളും നടന്നിരിക്കുന്നത് രേഖാമൂലമല്ലെന്ന് കണ്ടെത്തി. മുമ്പത്തെ വിറ്റുവരവ് കണക്കിലെടുക്കുമ്പോള്‍ വരുമാനം 120 കോടി രൂപ വരെയാവാം. ഷെല്‍ കമ്പനികള്‍ മുഖേന ഷെയര്‍ പ്രീമിയമായി ഗ്രൂപ്പ് അവതരിപ്പിച്ച കണക്കിലെടാത്ത വരുമാനം 100 കോടി രൂപ കൂടി വരും. ഇതോടെ ആകെ കണക്കില്‍പ്പെടാത്ത മൊത്തം വരുമാനം 220 കോടി രൂപയാണെന്ന് സിബിഡിടി ചൂണ്ടിക്കാട്ടി.

സ്ഥാപനങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് ശനിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ സിബിഡിടി പറയുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നിരീക്ഷിക്കാനും പൂര്‍ണമായും തയ്യാറാണെന്ന് സിബിഡിടി വ്യക്തമാക്കി. കണക്കാക്കപ്പെടാത്ത പണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ചെലവഴിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Tags: