ജയ്പൂര്‍: അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 15 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശ വനിതയെ പിടികൂടി. കെനിയ സ്വദേശിനിയാണ് രണ്ട് കിലോ ഹെറോയിനുമായി കസ്റ്റംസിന്റെ പിടിയിലായത്.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നുമാണ് 33കാരിയായ യുവതി ജയ്പൂരിലെത്തിയത്. കഴിഞ്ഞ മാസം മയക്കുമരുന്നുമായി ഡല്‍ഹിയില്‍ പിടിയിലായ ഉഗാണ്ട സ്വദേശിനികള്‍ നല്‍കിയ അതേ ഫോണ്‍ നമ്പര്‍ തന്നെയായിരുന്നു യുവതിയും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിസാ അപേക്ഷയില്‍ നല്‍കിയത്. ഇതോടെയാണ് യുവതി കുടുങ്ങിയത്. മയക്കുമരുന്ന് കള്ളക്കടത്തില്‍ ഉള്‍പ്പെട്ട ഒരു സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന് സംശയിച്ച ഉദ്യോഗസ്ഥര്‍ യുവതിയുടെ ബാഗേജ് പരിശോധിച്ചു.
പ്ലാസ്റ്റിക് സ്യൂട്ട്‌കേസ് പരിശോധിച്ചെങ്കിലും പ്രത്യക്ഷത്തില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെയാണ് സ്യൂട്ട്‌കേസില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. സ്യൂട്ട്‌കേസിന്റെ വശങ്ങളില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.