കനത്ത മഴ; കേദാര്‍നാഥ് യാത്ര നിര്‍ത്തിവച്ചു

Update: 2022-05-23 14:06 GMT

ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കേദാര്‍നാഥ് ക്ഷേത്രത്തലേക്കുള്ള യാത്ര നിര്‍ത്തിവച്ചു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്നാണ് കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പോലിസ് തീരുമാനിച്ചത്. ക്ഷേത്രത്തിലേക്ക് കയറരുതെന്നും ഹോട്ടലുകളിലേക്ക് മടങ്ങാനും ഭക്തരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ നിര്‍ത്താതെ പെയ്ത മഴയുടെ പശ്ചാത്തലത്തില്‍ ഭക്തരോട് കാല്‍നടയാത്ര നിര്‍ത്തി ഹോട്ടലുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തല്‍ക്കാലം ക്ഷേത്രത്തിലേക്ക് കയറാതെ സുരക്ഷിതമായിരിക്കുക- സര്‍ക്കിള്‍ ഓഫിസര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ചാര്‍ ധാം യാത്ര നടന്നിരുന്നില്ല. ഈ വര്‍ഷം അക്ഷയ തൃതീയ ദിനത്തില്‍ മെയ് മൂന്നിനാണ് യാത്ര ആരംഭിച്ചത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം മെയ് 6 ന് വീണ്ടും തുറന്നപ്പോള്‍ ബദരീനാഥ് ക്ഷേത്രം തുറന്നത് മെയ് 8 നാണ്.

Similar News