യുപിഎസ് ബാറ്ററി പൊട്ടിത്തെറിച്ച് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു

Update: 2022-03-15 18:54 GMT

കോയമ്പത്തൂര്‍: യുപിഎസ് ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അമ്മയും രണ്ട് പെണ്‍മക്കളും ശ്വാസംമുട്ടി മരിച്ചു. തുടിയല്ലൂര്‍ ഉരുമാണ്ഡംപാളയം റോസ് ഗാര്‍ഡന്‍ പരേതനായ ജ്യോതിലിംഗത്തിന്റെ ഭാര്യ വിജയലക്ഷ്മി (50), മക്കളായ ജെ അഞ്ജലി (21), ജെ അര്‍ച്ചന (24) എന്നിവരാണ് മരിച്ചത്. ഇവരുടെ വളര്‍ത്തുനായയും അപകടത്തില്‍ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട അയല്‍ക്കാര്‍ കൗണ്ടംപാളയം അഗ്‌നിശമനസേനയെയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു. അവര്‍ വീട്ടിലെത്തി വാതില്‍ തുറന്നുനോക്കിയപ്പോള്‍ വിജയലക്ഷ്മിയും അഞ്ജലിയും അടുക്കളയിലും അര്‍ച്ചന കിടപ്പുമുറിയിലും മരിച്ചുകിടക്കുന്നതാണ് കണ്ടത്. കത്തിക്കരിഞ്ഞ സോഫയും ടെലിവിഷനും കണ്ടെത്തി. വളര്‍ത്തുനായയും ചത്ത നിലയിയിരുന്നു. അഗ്‌നിശമന സേനാംഗങ്ങളാണ് തീ പൂര്‍ണമായി അണച്ചത്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് ഹാളില്‍ സൂക്ഷിച്ചിരുന്ന യുപിഎസ് ബാറ്ററികള്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് വ്യക്തമായത്. അമ്മയും പെണ്‍മക്കളില്‍ ഒരാളും തീ അണയ്ക്കാന്‍ ശ്രമിച്ചു.

എന്നാല്‍, ബാറ്ററിയില്‍ നിന്നുള്ള പുക ശ്വസിച്ച് അവര്‍ മരിച്ചു. മുറിയില്‍ ഉറങ്ങുകയായിരുന്ന മറ്റൊരു മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി പോലിസ് വിശദമായ അന്വേഷണമാരംഭിച്ചു. അര്‍ച്ചന സായിബാബ കോളനിയിലെ ഫിനാന്‍സ് സ്ഥാപനത്തിലും അഞ്ജലി ഐടി കമ്പനിയിലുമാണ് ജോലി ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ജോതിലിംഗം രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. ഫോറന്‍സിക് വിദഗ്ധരും ഫിംഗര്‍ ബ്യൂറോ സബ് ഇന്‍സ്‌പെക്ടര്‍മാരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.