'ഓപറേഷന്‍ ഗംഗ'; യുക്രെയ്‌നില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി

Update: 2022-03-01 09:36 GMT

ന്യൂഡല്‍ഹി: 'ഓപറേഷന്‍ ഗംഗ' രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. ഇന്‍ഡിഗോ വിമാനങ്ങളാണ് എത്തിയത്. രണ്ട് വിമാനങ്ങളിലായി 434 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. രാജ്യത്ത് ഒമ്പത് വിമാനങ്ങളിലായി 2,212 പേരെയാണ് ഇതുവരെ തിരികെ കൊണ്ടുവന്നത്. കേന്ദ്രമന്ത്രി ആര്‍ കെ സിങ്ങാണ് വിദ്യാര്‍ഥികളെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരിച്ചത്. യുക്രെയ്‌ന് ചുറ്റുമുള്ള അതിര്‍ത്തികളിലെ സ്ഥിതി ഭയാനകമാണെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇപ്പോള്‍ വളരെ സന്തോഷവാനാണെന്ന് ഒരു വിദ്യാര്‍ഥി പറയുന്നു.

വിദ്യാര്‍ഥികളെ പിന്തുണച്ച ഇന്ത്യന്‍ എംബസിക്കും സര്‍ക്കാരിനും നന്ദി പറയുന്നു- ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥിനി വിദ്യാ ധോഷി പറഞ്ഞു. അതേസമയം, എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസി നിര്‍ദേശിച്ചു. കീവിലെ സ്ഥിതി ഗുരുതരമാവുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നിര്‍ദേശം. പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 500 ഓളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് സൂചന. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് കീവില്‍ നിന്ന് മാറണമെന്നാണ് എംബസിയുടെ നിര്‍ദേശം.