ജയ്പൂര്‍: രാജസ്ഥാനിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഇന്ദ്രപ്രസ്ഥ മേഖലയിലെ ഫാക്ടറിയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. അഗ്‌നിശമന സേനയുടെ നിരവധി യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍നിന്നും പോലിസ് ആളുകളെ ഒഴിപ്പിച്ചു. ആളപായമോ പരിക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. തീപ്പിടിത്തസമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമൊഴിവായി. 16 ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തുണ്ടെന്ന് വിജ്ഞാന്‍ നഗര്‍ പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഷീദ് പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്ന് അദ്ദേഹം പറഞ്ഞു. അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ തീയണക്കാനായി ഫാക്ടറിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തോളം മാത്രമേ നിയന്ത്രണ വിധേയമായിട്ടുള്ളൂവെന്ന് കോട്ട മുനിസിപ്പല്‍ കോര്‍പറേഷനിലെ അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍ ദേവേന്ദര്‍ ഗൗതം പറഞ്ഞു.