ഡല്‍ഹിയില്‍ കനത്ത മഴ, റണ്‍വേയില്‍ വെള്ളം കയറി; വിമാനങ്ങള്‍ റദ്ദാക്കി

Update: 2021-09-11 14:02 GMT

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹിയില്‍നിന്നുള്ള നാല് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും ഉള്‍പ്പെടെ അഞ്ച് വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയ നിലയിലായിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വിമാനത്താവളത്തില്‍ ഭാഗമായി വെള്ളം കയറിയതായി വ്യക്തമാക്കുന്നു.

ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരോട് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. പെട്ടെന്നുള്ള കനത്ത മഴ മുന്‍ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയാക്കി- ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ട്വിറ്ററില്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെട്ടു. അത് പരിശോധിക്കാന്‍ ഞങ്ങളുടെ ടീം ഉടന്‍ സജ്ജരായെന്ന് ട്വീറ്റില്‍ പറയുന്നു.

അതേസമയം, ഡല്‍ഹിയിലും പരിസരത്തും വരും മണിക്കൂറുകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഇന്ന് രാവിലെയാണ് രാജ്യതലസ്ഥാനത്ത് മഴ കനത്തത്. ഇതെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ മേഖലകളില്‍ വെള്ളം കയറി. തിരക്കേറിയ നിരത്തുകളില്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടു. 46 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഡല്‍ഹിയില്‍ പെയ്യുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. വെള്ളിയാഴ്ച ഡല്‍ഹിയിലെ മണ്‍സൂണ്‍ മഴ 1,000 മില്ലിമീറ്റര്‍ കടന്നു. രാജ്യതലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.