ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപ്പിടിത്തം. അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങി. ഒരുമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയതായി ഡല്‍ഹി അഗ്‌നിശമന വകുപ്പ് അറിയിച്ചു. എല്ലാ രോഗികളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
എയിംസ് ആശുപത്രിയില്‍നിന്ന് തീപ്പൊരിയും പുകയും കണ്ടു. എല്ലാ രോഗികളെയും ദുരിതബാധിത പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഏഴ് അഗ്‌നിശമന സേന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. സ്ഥിതി ഇപ്പോള്‍ സാധാരണവും നിയന്ത്രണത്തിലുമാണ്. ആര്‍ക്കും പരിക്ക് സംഭവിച്ചിട്ടില്ലെന്ന് ഡിസിപി സൗത്ത് അതുല്‍ താക്കൂറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരാഴ്ച മുമ്പ് ആശുപത്രിയുടെ ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളും പരീക്ഷാ വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന കണ്‍വെര്‍ജന്‍സ് ബ്ലോക്കിലെ ഒമ്പതാം നിലയില്‍ തീപ്പിടുത്തമുണ്ടായിരുന്നു. പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമ്പതാം നിലയിലെ റഫ്രിജറേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് അധികൃതര്‍ അറിയിച്ചത്.