ഐടി നിയമത്തിലെ "അടിയന്തിരാധികാരം" ഉപയോ​ഗിച്ച് കേന്ദ്രം നിരോധിച്ചത് 22 യൂ ട്യൂബ് ചാനലുകൾ

നിരോധനപ്പട്ടികയിൽ കിസാൻ തക് എന്ന കാർഷിക സമരം റിപോർട്ട് ചെയ്ത യൂ ട്യൂബ് ചാനലും ഉൾപ്പെടുന്നുണ്ട്.

Update: 2022-04-06 10:40 GMT

2021 ൽ നിലവിൽ വന്ന ഐടി നിയമപ്രകാരമുള്ള അടിയന്തിരാധികാരം ഉപയോ​ഗിച്ച് കേന്ദ്രം നിരോധിച്ചത് 22 യൂ ട്യൂബ് ചാനലുകൾ. ഇന്ത്യയുടെ ദേശീയ സുരക്ഷയേയും വിദേശ ബന്ധങ്ങളെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് 260 കോടി വ്യൂവർഷിപ്പുള്ള 22 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ കേന്ദ്രം നിരോധിച്ചത്.

22 യൂട്യൂബ് ചനലുകൾക്ക് പുറമെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്സൈറ്റ് എന്നിവ സർക്കാർ തടഞ്ഞു. ഐടി റൂൾസ് 2021 പ്രകാരമുള്ള എമർജൻസി പവർ ഉപയോഗിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഈ സാമൂഹിക മാധ്യമ ചാനലുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് മാധ്യമ പ്രവർത്തനത്തിന് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾ സ്വാഭാവിക സംഭവങ്ങളായി മാറിത്തുടങ്ങി.

ബ്ലോക്ക് ചെയ്ത 22 യൂട്യൂബ് ന്യൂസ് ചാനലുകളിൽ 18 എണ്ണം ഇന്ത്യക്കാരും നാലെണ്ണം പാകിസ്താൻ ആസ്ഥാനമായതുമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി റൂൾസ് 2021-ന്റെ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ യൂട്യൂബ് വാർത്താ ചാനലുകളിൽ നടപടിയെടുക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. എന്നാൽ മറ്റ് മാധ്യമങ്ങൾക്കെതിരേയും കേന്ദ്ര സർക്കാർ തിരിഞ്ഞതിന്റെ ഉദാഹരണമായിരുന്നു മീഡിയ വൺ ചാനലിന്റെ അപ് ലിങ്കിങ് ഡൗൺ ലിങ്കിങ് ലൈസൻസ് റദ്ദാക്കിയ സംഭവം.


ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകൾക്ക് 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ടായിരുന്നു, ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, പൊതു ക്രമം എന്നിവയുടെ വീക്ഷണ കോണിൽ നിന്ന് സെൻസിറ്റീവ് വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചുവെന്ന് കേന്ദ്ര മന്ത്രാലയം പറയുന്നു. നിരോധനപ്പട്ടികയിൽ കിസാൻ തക് എന്ന കാർഷിക സമരം റിപോർട്ട് ചെയ്ത യൂ ട്യൂബ് ചാനലും ഉൾപ്പെടുന്നുണ്ട്.

ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യൻ ജമ്മു കശ്മീരിനെ കുറിച്ചും സായുധ സേനയെക്കുറിച്ചും വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. "മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം അപകടത്തിലാക്കുക" എന്ന ലക്ഷ്യത്തോടെ ഈ ചാനലുകൾ യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ചില വാർത്താ ചാനലുകളുടെ ടെംപ്ലേറ്റുകളും ലോഗോകളും ഈ വാർത്ത ആധികാരികമാണെന്ന് കാഴ്ചക്കാരെ വിശ്വസിപ്പിക്കാൻ ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ഏറ്റവും പുതിയ ഉത്തരവിലൂടെ, 2021 ഡിസംബർ മുതൽ രാജ്യത്ത് 78 യൂ ട്യൂബ് ചാനലുകൾ സർക്കാർ ബ്ലോക്ക് ചെയ്‌തു. "ആധികാരികവും വിശ്വസനീയവും സുരക്ഷിതവുമായ ഓൺലൈൻ വാർത്താ മാധ്യമ അന്തരീക്ഷം ഉറപ്പാക്കാനും ഇന്ത്യയുടെ പരമാധികാരത്തേയും അഖണ്ഡതയേയും തുരങ്കം വെക്കുന്ന, ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതുക്രമം തകർക്കുക തുടങ്ങിയ ഏതൊരു ശ്രമത്തേയും പരാജയപ്പെടുത്താനും ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മന്ത്രാലയം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കുമായി കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നപ്പോൾ തന്നെ പൗരാവകാശ പ്രവർത്തകരും പ്രമുഖ മാധ്യമ പ്രവർത്തകരും ഇതിനെതിരേ രം​ഗത്തുവന്നിരുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട പരാതി പരിഹാര, നിരീക്ഷണ സംവിധാനം രൂപീകരിക്കുക എന്ന ലക്ഷ്യമിട്ടാണ് ഇന്റര്‍മീഡിയറി ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന ഐടി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.

ചൈനയിലെ സര്‍ക്കാര്‍ ചെയ്യുന്നത് പോലെ സമൂഹത്തിന്, രാജ്യത്തിന് വെല്ലുവിളിയായ എന്തു ഉള്ളടക്കവും കേന്ദ്ര ഏജന്‍സികള്‍ക്ക് നേരിട്ട് നീക്കം ചെയ്യാനുള്ള നിയമഭേദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനെതിരേ നേരത്തെ വാട്‌സാപ്പും ട്വിറ്ററും പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍, ചില കമ്പനികള്‍ സര്‍ക്കാര്‍ പറയുന്നത് പോലെ വിമര്‍ശിക്കാതെ, അനുസരിച്ച് ഇവിടെ കഴിഞ്ഞോളാമെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമത്തിനെതിരേ വിക്കിപീഡിയയും രംഗത്തെത്തിയിരുന്നു.