വയനാട് ജില്ലയില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1904 ആയി

Update: 2020-09-10 14:38 GMT

കൽപ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 95 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവർത്തകയും 4 പോലിസുകാരും ഉള്‍പ്പെടെ 90 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാലു പേർക്ക്, വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം ബാധിച്ചു. 10 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1904 ആയി. ഇതില്‍ 1512 പേര്‍ രോഗമുക്തരായി. നിലവില്‍ 382 പേരാണ് ചികിൽസയിലുള്ളത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാഴാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 482 പേരാണ്. 244 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2613 പേര്‍. ഇന്ന് വന്ന 107 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് 1189 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 60251 സാംപിളുകളില്‍ 58175 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 56271 നെഗറ്റീവും 1904 പോസിറ്റീവുമാണ്.

Similar News