അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായി തിരൂര്‍ സ്വദേശി പിടിയില്‍

പുതുവത്സര ആഘോഷത്തിന് നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണ് ഇതെന്ന് പോലിസ് പറഞ്ഞു

Update: 2021-12-27 09:27 GMT

മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ സ്വദേശി ഗൗതം(23)ആണ് അറസ്റ്റിലായത്.40 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇയാള്‍ കോയമ്പത്തൂര്‍ സെല്‍വപുരത്ത് നെഹ്‌റു നഗറിലാണ് താമസം.

ഞായര്‍ രാവിലെ 5.30ന് ചിറ്റൂര്‍-പാലക്കാട് റോഡില്‍ പൊല്‍പ്പുള്ളിക്കടുത്ത് കമലംസ്‌റ്റോപ്പില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ പോലിസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പുതുവത്സര ആഘോഷത്തിന് നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണ് ഇതെന്ന് പോലിസ് പറഞ്ഞു.

ഇടപാടുകാര്‍ക്ക് എംഡിഎംഎ മയക്കുമരുന്ന് കൈമാറാന്‍ നില്‍ക്കുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനാല്‍ സംസ്ഥാന അതിര്‍ത്തി, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി.


Tags: