സഞ്ചരിക്കുന്ന കൊവിഡ് പരിശോധനക്ക് തുടക്കമായി

ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്.

Update: 2020-05-10 09:59 GMT

തൃശൂര്‍: കൊവിഡ് കാലത്ത് ജില്ലയിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാനായി പീസ് വാലി ആസ്റ്റര്‍ വോളന്റീര്‍സ് സഞ്ചരിക്കുന്ന ആശുപത്രി തൃശൂര്‍ ജില്ലയില്‍ സേവനം ആരംഭിച്ചു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് സഞ്ചരിക്കുന്ന ആശുപത്രി ഫ്‌ലാഗ് ഓഫ് ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കൊവിഡ് പരിശോധന. തൃശൂര്‍ ഇന്റര്‍ ഏജന്‍സിക്ക് (ഐഎജി ) കീഴിലുള്ള പീപ്പിള്‍സ് ഫൗണ്ടേഷനാണ് ജില്ലയില്‍ പ്രാദേശിക സംഘാടനം നിര്‍വഹിക്കുന്നത്. ഡോക്ടര്‍മാര്‍, നേഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉള്ളത്.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്നുപേരെ മാത്രമാണ് പരിശോധിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കുന്ന രീതിയാണ് ക്യാംപുകളില്‍ അവലംബിക്കുക. ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍ മാനേജര്‍ ലത്തീഫ് കാസിം, പീസ് വാലി പ്രൊജക്റ്റ് മാനേജര്‍ സാബിത് ഉമര്‍, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി നൗഷാബ നാസ്, പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഭാരവാഹികളായ മുനീര്‍ വരന്തരപ്പിള്ളി, കെ എ സദറുദ്ധീന്‍, ഇ എ റഷീദ്മാസ്റ്റര്‍, എം സുലൈമാന്‍, അനസ് നദ്‌വി എന്നിവര്‍ സന്നിഹിതരായിരുന്നു.


Similar News