തിരുവനന്തപുരം ജില്ലയിൽ രോഗബാധയുടെ തീവ്രത വലിയതോതില്‍ തുടരുന്നു

തലസ്ഥാന ജില്ലയെ സംബന്ധിച്ചിടത്തോളം രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്ര ശക്തമാക്കിയെങ്കിലും വ്യാപനനിരക്ക് കുറയുന്നില്ല

Update: 2020-09-17 15:08 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ രോഗബാധയുടെ തീവ്രത വലിയതോതില്‍ തുടരുന്നതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. തലസ്ഥാന ജില്ലയില്‍ മാത്രം ഇന്ന് 820 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതില്‍ 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോ​ഗബാധ. എങ്ങനെ രോഗം ബാധിച്ച് എന്ന് അറിയാത്ത 83 പേരുണ്ട്.

തലസ്ഥാന ജില്ലയെ സംബന്ധിച്ചിടത്തോളം രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്ര ശക്തമാക്കിയെങ്കിലും വ്യാപനനിരക്ക് കുറയുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ റിപോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഒരാഴ്ചയ്ക്കിടെ 30,281 ടെസ്റ്റുകളാണ് ജില്ലയില്‍ നടത്തിയത്. ഇതില്‍ 4,184 എണ്ണം പോസിറ്റിവായി. സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്‍റീന്‍ പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.