കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരേ കോഴിക്കോട് 500 കേന്ദ്രങ്ങളില്‍ നില്‍പു സമരം

കര്‍ഷകരെ അടിമകളാക്കി മാറ്റുന്ന ബില്ല് ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കുകയായിരുന്നു.

Update: 2020-10-21 13:23 GMT

കോഴിക്കോട്: ബി.ജെ പി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധബില്ലിനെതിരേ എസ്ഡിപിഐ കോഴിക്കോട് ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച നില്‍പ്പുസമരം സംഘടിപ്പിക്കും. താങ്ങുവില നിശ്ചയിക്കാനുള്ള സംസ്ഥാന സര്‍ക്കാറുകളുടെ അധികാരത്തെ എടുത്തുമാറ്റി ഇന്ത്യ മുഴുവന്‍ തുറന്ന മാര്‍ക്കറ്റാക്കി കര്‍ഷകരെ വഞ്ചിക്കുന്ന നിയമ നിര്‍മാണം നടത്തിയ ബി ജെ പി സര്‍ക്കാറിനെതിരേ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായാണ് നില്‍പ്പുസമരം.

കര്‍ഷകരെ അടിമകളാക്കി മാറ്റുന്ന ബില്ല് ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കുകയായിരുന്നു. കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന നടപടികളാണ് ബിജെപി സര്‍ക്കാര്‍ ഇതപര്യന്തം തുടര്‍ന്നുവരുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും ഉല്‍പ്പാദനച്ചിലവിന്റെ അമ്പതു ശതമാനം ലാഭം ഉറപ്പുവരുത്തുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവച്ചു മലക്കംമറിയുകയും ചെയ്തു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ഷക സമൂഹത്തെ വഞ്ചിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് കരിഞ്ചന്തയ്ക്കുള്ള അവസരമൊരുക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.

രാജ്യത്തെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമാണ് നില്‍പ്പു സമരമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയും ഭരണഘടനയെയും തകര്‍ക്കുന്ന ബിജെപി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരേ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നാളെ സംഘടിപ്പിക്കു നില്‍പ്പുസമത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Similar News