വയനാട്ടില്‍ സാംപിള്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്തും; മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് കനത്ത പിഴ

സാമൂഹിക വ്യാപനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുളള റാന്‍ഡം സാംപിള്‍ പരിശോധനയും ജില്ലയില്‍ പുരോഗമിക്കുന്നു.

Update: 2020-04-29 05:46 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരേ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളിലെത്തുന്നവര്‍ക്കെതിരേ 5000 രൂപ പിഴ ചുമത്താനാണ് നിലവിലെ തീരുമാനം.

റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. കടകളില്‍ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കില്‍ 1000 രൂപ പിഴ ചുമത്തുമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു. കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

അതേസമയം ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുതല്‍ ഇടപ്പെടുന്ന സാഹചര്യത്തില്‍ സാംപിള്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല പറഞ്ഞു. സാംപിള്‍ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ സാമൂഹത്തില്‍ എത്ര കേസുകളുണ്ടെന്ന കാര്യം വ്യക്തമാവുകയുളളു. സാധാരണ പരിശോധനയുടെ ഭാഗമായി 355 സാംപിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 338 എണ്ണത്തിന്റെ ഫലം ലഭിച്ചു. സാമൂഹിക വ്യാപനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുളള റാന്‍ഡം സാംപിള്‍ പരിശോധനയും ജില്ലയില്‍ പുരോഗമിക്കുന്നു.

പൂതാടി, മുളളന്‍കൊല്ലി, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ നിന്നുമായി 170 സാംപിളുകള്‍ ഇത്തരത്തില്‍ ശേഖരിച്ചിട്ടുണ്ട്. കൊവിഡ് കെയര്‍ സെന്ററിനായി ജില്ലയില്‍ 2500 മുറികള്‍ കൂടി ലഭ്യമായതായി ജില്ലാ കലക്ടർ അറിയിച്ചു. ഇതോടെ ജില്ലയില്‍ 4500 റൂമുകള്‍ സജ്ജമാണ്. നേരത്തെ 135 ഇടങ്ങളിലായി 1960 മുറികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എണ്‍പതോളം പേര്‍ ജില്ലയിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ജില്ലയില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തും. അതിര്‍ത്തിയില്‍ ജാഗ്രത ശക്തിപ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു.


Similar News