മഴയും ഡാമുകളിലെ വെള്ളവും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ ആശങ്ക പരത്തുന്നു

വെള്ളക്കെട്ട് മൂലം കോടികളുടെ നഷ്ടം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മഴ തുടരുന്നതോടെ വിവിധ ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

Update: 2021-10-12 15:14 GMT

മാള: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കുഴൂര്‍, അന്നമനട ഗ്രാമ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെളളക്കെട്ട് ഭീഷണിയിലായി. ഡാമുകള്‍ നിറഞ്ഞതോടെ പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും വിട്ട ജലവും കൂടിയായപ്പോള്‍ ചാലക്കുടിപ്പുഴയില്‍ വന്‍തോതില്‍ വെള്ളമുയര്‍ന്നു.

ഇന്നലെ രാവിലേയും ഉച്ചക്ക് 12 മണിയോടെയും ഷട്ടറുകള്‍ തുറന്ന് വെള്ളം വിട്ട് തുടങ്ങിയിരുന്നു. കൂടാതെ ആതിരപ്പിള്ളിയിലും മറ്റും കനത്ത തോതിലുള്ള മഴയും പെയ്യുന്നുണ്ട്. തന്നെയല്ല നാട്ടിലും മഴ തുടരുകയാണ് ഇതെല്ലാം കൂടിയാണ് ചാലക്കുടി പുഴയില്‍ വെള്ളമുയരാന്‍ കാരണം. തിങ്കളാഴ്ച വൈകീട്ടത്തേക്കാള്‍ അഞ്ചടിയിലേറെ വെള്ളം രാവിലെ പത്ത് മണിയോടെ പുഴയില്‍ ഉയര്‍ന്നിരുന്നു. കൂടാതെ ഇന്നലെ ഉച്ചക്ക് 12 മണിയോടെ വിട്ട വെള്ളം പുഴയില്‍ ഒരു മീറ്ററോളം വെള്ളമുയര്‍ത്തുമെന്നാണ് ബന്ധപ്പെട്ടവരുടെ നിഗമനം.

പുഴയില്‍ വെള്ളമുയര്‍ന്നതോടെ വന്‍തോട്ടിലും അനുബന്ധ തോടുകളിലും വെള്ളമൊഴുക്കിന്‍റെ ഗതി മാറിയിട്ടുണ്ട്. പടിഞ്ഞാറോട്ടൊഴുകിയിരുന്ന വെള്ളം കിഴക്കോട്ടൊഴുകുകയാണ്. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂർ ചെത്തിക്കോട്, മുത്തുകുളങ്ങര, വയലാര്‍, തിരുത്ത, കൊച്ചുകടവ്, പള്ളിബസാര്‍, മേലാംതുരുത്ത് എന്നിവിടങ്ങളിലാണ് വെളളക്കെട്ട് രൂക്ഷമായി വരുന്നത്.

ഇവിടെയുള്ള ചില റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. അന്നമനട വെണ്ണൂർപ്പാടം ഭാഗങ്ങളിൽ പട്ടികജാതി കോളനിയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറാവുന്ന അവസ്ഥയാണ്. വാഴ, കൊള്ളി, ജാതി, പച്ചക്കറി മുതലായവ ഉള്ള കൃഷിയിടങ്ങിലും വെള്ളം കയറി വരികയാണ്. ഇത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.

വെള്ളക്കെട്ട് മൂലം കോടികളുടെ നഷ്ടം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മഴ തുടരുന്നതോടെ വിവിധ ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. പലയിടങ്ങളിലും അധികൃതർ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ആക്ഷേപവുമുണ്ട്. കൊച്ചുകടവില്‍ നിരവധി വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.

കൂടാതെ കൊച്ചുകടവ് ഇരുമ്പിങ്ങത്തറ പട്ടികജാതി കോളനി, വട്ടത്തിരുത്തി, ചേലക്കത്തറ, തോപ്പുതറ, തുടങ്ങി നിരവധിയിടങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. അമ്പഴക്കാട് ചിറാല്‍ പാടശേഖരത്തിലെ തൂമ്പുങ്കുഴിചിറയില്‍ വെള്ളമുയരുന്നതോടെ കാടുകുറ്റി, മാള ഗ്രാമപഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളും വെള്ളക്കെട്ടിലാകുമെന്ന സാഹചര്യവുമുണ്ട്. 

Similar News